യുകെയില്‍ രണ്ട് മുതിര്‍ന്ന ഇന്ത്യന്‍ ഡ്രൈവര്‍മാര്‍ക്കെതിരെ വംശീയ ആക്രമണം നടത്തിയ സംഭവത്തില്‍ 3 പേര്‍ അറസ്റ്റിലായി. ലണ്ടനില്‍ ടാക്സി ഡ്രൈവര്‍മാരായി ജോലി ചെയ്യുന്ന 64കാരനായ സത്നാം സിങ്ങിനും 72കാരനായ ജസ്ബിര്‍ സംഘയ്ക്കുമാണ് വംശീയാക്രമണം നേരിടേണ്ടി വന്നത്. സംഭവത്തില്‍ 3 പേര്‍ അറസ്റ്റില്‍.
ഈ മാസം ആദ്യവാരമാണ് യുകെയിലെ വോള്‍വര്‍ഹാംപ്ടന്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് ഇരുവരും മര്‍ദനത്തിന് ഇരയായത്. മര്‍ദനത്തില്‍ ഇരുവര്‍ക്കും ഗുരുതരമായി പരുക്കേറ്റു. 17, 19, 25 വയസ്സുകാരായ മൂന്ന് പേര്‍ ചേര്‍ന്നാണ് ഡ്രൈവര്‍മാരെ ആക്രമിച്ചത്. പൊലീസ് 3 പേരെയും അറസ്റ്റ് ചെയ്ത് പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
റെയില്‍വേ സ്റ്റേഷന് പുറത്ത് ജോലി ചെയ്യുന്നതിനിടെ മൂന്നംഗ സംഘം ഇരുവരെയും സമീപിക്കുകയായിരുന്നു. മോശം വാക്കുകള്‍ കൊണ്ട് വംശീയമായി അധിക്ഷേപിക്കുകയും സത്നാം സിങ്ങിനെ തറയിലേക്ക് തള്ളിയിട്ട് ചവിട്ടുകയും ചെയ്തു. തടയാന്‍ ശ്രമിച്ചതോടെയാണ് ജസ്ബിര്‍ സംഘയേയും മൂവര്‍ സംഘം ആക്രമിച്ചത്.
നിലത്തേക്കെറിഞ്ഞ് ക്രൂരമായി ഇടിക്കുകയും ചവിട്ടുകയും ചെയ്തപ്പോള്‍ മരിച്ചുവെന്നാണ് കരുതിയതെന്ന് സത്നാം സിങ്ങ് പറഞ്ഞു. ആക്രമണത്തിനിടെ തലപ്പാവും നഷ്ടപ്പെട്ടു. 72കാരനായ ജസ്ബിര്‍ സംഘയുടെ രണ്ട് വാരിയെല്ലുകള്‍ ഒടിഞ്ഞു. മൂവര്‍ സംഘത്തിലൊരാള്‍ തന്നെയെടുത്ത് തറയിലേക്ക് എറിയുകയായിരുന്നുവെന്നും എന്തും സംഭവിക്കുമായിരുന്നുവെന്നും താന്‍ കൊല്ലപ്പെടുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആക്രമണം കണ്ട് സമീപവാസികള്‍ ഓടിയെത്തിയാണ് ഇരുവരേയും രക്ഷിച്ചത്. ഇരുവരെയും ആക്രമിക്കുന്ന വിഡിയോ ഇതിനകം സമൂഹമാധ്യമങ്ങളില്‍ ലക്ഷകണക്കിനാളുകളാണ് കണ്ടത്.