വിലക്കയറ്റത്തിന്റെ കാലത്തു കുടുംബങ്ങള്‍ക്ക് ഇരട്ടടി സമ്മാനിക്കാന്‍ എനര്‍ജി ചാര്‍ജ് വീണ്ടും ഉയരുമെന്നു റിപ്പോര്‍ട്ടുകള്‍. ശൈത്യകാലത്തിനു മുമ്പ് എനര്‍ജി ചാര്‍ജില്‍ കുതിച്ചു കയറ്റം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. മുമ്പ് ചെറിയ കുറവ് പ്രവചിച്ചിരുന്നതാണ് . എന്നാല്‍ ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ ഗ്യാസ്, വൈദ്യുതി വിലകളില്‍ നേരിയ വര്‍ധനവ് ഉണ്ടാകുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
പ്രതിവര്‍ഷം ഏകദേശം 1% വില വര്‍ധനവിനാണ് സാധ്യത. ഇംഗ്ലണ്ട്, സ്കോട്ട് ലന്‍ഡ്, വെയില്‍സ് എന്നിവിടങ്ങളിലെ ഏകദേശം 21 ദശലക്ഷം വീടുകള്‍ക്ക് ഗ്യാസ്, വൈദ്യുതി എന്നിവയുടെ ഓരോ യൂണിറ്റിനും ഈടാക്കാവുന്ന പരമാവധി തുക ഓഫ്ജെമിന്റെ വില പരിധിക്കുള്ളിലായിരിക്കും.
എനര്‍ജി ബില്ലുകള്‍ക്ക് പരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും എത്രമാത്രം ഉപയോഗിച്ചു എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും ബില്ലുകളുടെ തുക നിര്‍ണ്ണയിക്കപ്പെടുക. പുതിയ നിരക്ക് പരിധി പ്രാബല്യത്തില്‍ വരുമ്പോള്‍ സാധാരണ ഗാര്‍ഹിക എനര്‍ജി ബില്‍ പ്രതിവര്‍ഷം 17 പൗണ്ട് വര്‍ദ്ധിച്ച് 1,737 പൗണ്ട് ആയി ഉയരുമെന്ന് എനര്‍ജി കണ്‍സള്‍ട്ടന്‍സി കോണ്‍വാള്‍ ഇന്‍സൈറ്റിലെ വിദഗ്ധര്‍ പ്രവചിച്ചു.
സാധാരണ അളവില്‍ എനര്‍ജി ഉപയോഗിക്കുന്ന ഒരു വീടിനെ സംബന്ധിച്ച് എനര്‍ജി വിലയില്‍ 1% വാര്‍ഷിക വര്‍ദ്ധനവ് ഉണ്ടാകുമെന്ന് ആണ് കണക്കാക്കപ്പെടുന്നത് . മൊത്തവ്യാപാര വിപണികളിലെ എനര്‍ജി ചെലവിനെ അടിസ്ഥാനമാക്കി, ഓഫ്ജെം ഓരോ മൂന്ന് മാസത്തിലും വീടുകള്‍ക്കുള്ള വില പരിധി മാറ്റുന്നു.
നിരവധി കുടുംബങ്ങള്‍ ഇപ്പോഴും ബില്ലുകള്‍ അടയ്ക്കാനും ഉയര്‍ന്ന വിലയുടെ കാലഘട്ടത്തില്‍ ഉണ്ടായ എനര്‍ജി കടം തിരിച്ചടയ്ക്കാനും പാടുപെടുന്നുണ്ടെന്ന് എന്‍ഡ് ഫ്യൂവല്‍ പോവര്‍ട്ടി കോളിഷന്റെ കോര്‍ഡിനേറ്റര്‍ സൈമണ്‍ ഫ്രാന്‍സിസ് പറഞ്ഞു. ശരാശരി ഒരു കുടുംബം ഇപ്പോഴും കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് നല്‍കിയതിനേക്കാള്‍ നൂറുകണക്കിന് പൗണ്ട് കൂടുതല്‍ നല്‍കുന്ന അവസ്ഥ ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.