രോഗികള്‍ക്ക് പരിശോധനകള്‍ എളുപ്പത്തിലും വേഗത്തിലും നടത്തുന്നതിനായി നഴ്സുമാര്‍ക്ക് ജീനോമിക്സില്‍ പരിശീലനം നല്‍കാന്‍ സര്‍ക്കാര്‍. കാത്തിരുപ്പു സമയം കുറയ്ക്കാനും ഇത് ഫലപ്രദമാണ്.
നഴ്സുമാരുടെ വൈദഗ്ധ്യവും നൈപുണ്യവും ഡിഎന്‍എ പരിശോധനകളിലും ഗവേഷണങ്ങളിലും ഉപയോഗിക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞതായി റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് (ആര്‍ സി എന്‍) അറിയിച്ചു. രോഗികള്‍ക്ക് പരിശോധനകള്‍ എളുപ്പത്തിലും വേഗത്തിലും നടത്തുന്നതിനായി നഴ്സുമാര്‍ക്ക് ജീനോമിക്സില്‍ പരിശീലനം നടത്തി തദ്ദേശ സമൂഹത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ഒരുക്കും. ജീവന്‍ രക്ഷാ ചികിത്സകള്‍ വീടിനടുത്ത് എത്തിക്കുന്ന സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായിട്ടാണിത്.
ഒരു വ്യക്തിയുടെ പൂര്‍ണ്ണമായ ജനിതക വിവരങ്ങള്‍ അടങ്ങിയ ഹോള്‍ ജീനോമിനെ കുറിച്ചുള്ള പഠനമാണ് ജീനോമിക്സ്. ഈ വിവരങ്ങള്‍ ആ വ്യക്തിയുടെ ആരോഗ്യ സ്ഥിതി പരിശോധിക്കുവാനും, ഭാവിയില്‍ ഏതെങ്കിലും വിധത്തിലുള്ള ഗുരുതര രോഗാവസ്ഥകള്‍ വരുമോ എന്നറിയുന്നതിനും സഹായിക്കും.
നിലവിലുള്ള എന്‍ എച്ച് എസ് ജിനോമിക് മെഡിസിന്‍ സര്‍വീസിനെ ആധാരമാക്കിയായിരിക്കും പുതിയ ജിനോമിക് പോപ്പുലേഷന്‍ ഹെല്‍ത്ത് സര്‍വീസ് ആരംഭിക്കുക. ഇതില്‍, ജനിതക പരിശോധനകളില്‍ രോഗികളെ സഹായിക്കുകയും, അവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയുമാകും നഴ്സുമാരുടെ പ്രധാന കടമ. മാത്രമല്ല, ജീനോമിക് പരിശോധനകള്‍ ആവശ്യമായ രോഗികളെയും അവര്‍ കണ്ടെത്തും.