വീട്ടുവാടകയായി ലഭിക്കുന്ന വരുമാനത്തിന് മേലും നാഷണല്‍ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ഇത് വീടുകള്‍ വാടകയ്ക്ക് നല്‍കിയിട്ടുള്ള വീട്ടുടമകളെ കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. 50 ബില്യണ്‍ പൗണ്ടിന്റെ ധനക്കമ്മി പരിഹരിക്കുന്നതിനായി വീടുകളില്‍ നിന്നും മറ്റ് കെട്ടിടങ്ങളില്‍ നിന്നും ലഭിക്കുന്ന വാടകയ്ക്ക് മേലും നാഷണല്‍ ഇന്‍ഷുറന്‍സ് വിഹിതം ഈടാക്കാനാണ് ധനകാര്യ വകുപ്പ് ആലോചിക്കുന്നത്. ഉയര്‍ന്ന നികുതിയും വര്‍ദ്ധിച്ച നിയന്ത്രണങ്ങളും 2016 മുതല്‍ തന്നെ വാടക വീടുകളുടെ ഉടമസ്ഥരെ തകര്‍ത്തുകൊണ്ടിരിക്കുകയാണ്. ഈ പ്രവണത തുടരുകയാണ് എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.
ഇക്കഴിഞ്ഞ ഒക്ടോബറിലാണ് വീട്ടുടമകള്‍ മൂന്നു ശതമാനം അധിക സ്റ്റാമ്പ് ഡ്യൂട്ടിക്ക് പുറമെ രണ്ടു ശതമാനം സ്റ്റാമ്പ് ഡ്യൂട്ടി സര്‍ചാര്‍ജ്ജും ഏര്‍പ്പെടുത്തിയത്. ഇത് രണ്ടാമത് വാങ്ങുന്ന വീടുകളുടെയും വാടകയ്ക്ക് നല്‍കാനായി വാങ്ങുന്ന വീടുകളുടെയും വില വര്‍ദ്ധിപ്പിച്ചു. നിലവില്‍, ബൈ ടു ലെറ്റ് വീട്ടുടമകള്‍, ഒരു ലിമിറ്റഡ് കമ്പനിയുടെ പേരിലല്ലാതെ, അവരുടെ വ്യക്തിഗത പേരിലാണ് വീട് എങ്കില്‍ അവരുടെ വാടക വരുമാനത്തിന് വരുമാന നികുതി നല്‍കണം. 2017 വരെ, വീട്ടുടമകള്‍ക്ക് പൂര്‍ണ്ണമായ മോര്‍ട്ട്‌ഗേജ് പലിശ വാടക വരുമാനത്തില്‍ നിന്നും കുറച്ച് കാണിക്കാമായിരുന്നു.
എന്നാല്‍, ഇപ്പോള്‍ മോര്‍ട്ട്‌ഗേജ് പലിശയുടെ 20 ശതമാനത്തിന് മാത്രമെ നികുതി ഇളവ് ലഭിക്കുകയുള്ളു. എന്നാല്‍, ഉയര്‍ന്ന നിരക്കിലുള്ള നികുതി നല്‍കുന്നവര്‍ക്ക് 40 ശതമാനം വരെ ഇളവ് ലഭിക്കും. വാടക വരുമാനത്തില്‍ നിന്നും നാഷണല്‍ ഇന്‍ഷുറന്‍സ് വിഹിതം പിടിക്കാനുള്ള പദ്ധതി, അടിസ്ഥാന നിരക്കില്‍ നികുതി ലഭിക്കുന്നവരെയായിരിക്കും ഏറ്റവും അധികം ബാധിക്കുക. നേരത്തെയുള്ള നികുതി പരിഷ്‌കാരങ്ങള്‍ എല്ലാം ഉയര്‍ന്ന നിരക്കില്‍ നികുതി നല്‍കുന്ന ധനികരെയാണ് ബാധിച്ചിരുന്നതെങ്കില്‍, ഇത് ബാധിക്കുക സാധാരണക്കാരെയായിരിക്കും.