ഡയാന രാജകുമാരി ലണ്ടനിലെ ഗ്രേറ്റ് ഓര്‍മണ്ട് സ്ട്രീറ്റ് ഹോസ്പിറ്റലില്‍ നല്‍കിയ രഹസ്യ പേടകം തുറന്നു. തടിയും ഈയവും കൊണ്ടുണ്ടാക്കിയ പെട്ടി 1990ല്‍ ആണ് ഡയാന ആശുപത്രിയില്‍ സൂക്ഷിക്കാനേല്‍പിച്ചത്. 35 വര്‍ഷമായി ഇത് ഭൂമിക്കടിയിലായിരുന്നു. ഡയാനയുടെ വ്യക്തിപരമായ വസ്തുക്കളാണ് പേടകത്തിനുള്ളില്‍. 1999ല്‍ പുറത്തിറങ്ങിയ കൈലി മിനോഗിന്റെ റിഥം ഓഫ് ലവ് എന്ന ആല്‍ബം, ഒരു ചെറിയ പോക്കറ്റ് ടിവി, ഒരു പാസ്‌പോര്‍ട്, ഒരു ദിനപത്രം, ഡയാനയുടെ ഒരു ഫോട്ടോ എന്നിവയാണു പേടകത്തിനുള്ളിലുണ്ടായിരുന്നത്. 1989 മുതല്‍ ഗ്രേറ്റ് ഓര്‍മണ്ട് സ്ട്രീറ്റ് ഹോസ്പിറ്റലിന്റെ പ്രസിഡന്റായിരുന്നു ഡയാന. അക്കാലത്താണ് ഒരു സുവനീര്‍ എന്ന നിലയ്ക്ക് ടൈം ക്യാപ്‌സ്യൂള്‍ വിഭാഗത്തിലുള്ള പേടകം ആശുപത്രിയില്‍ മറവ് ചെയ്തത്.
മുന്‍പും പല രാജകുമാരിമാരും ഇത്തരം പേടകങ്ങള്‍ മറവു ചെയ്തിട്ടുണ്ട്. 1872ല്‍ അലക്‌സാന്‍ഡ്ര രാജകുമാരി ഗ്രേറ്റ് ഓര്‍മണ്ട് സ്ട്രീറ്റ് ഹോസ്പിറ്റലില്‍ ഒരു പേടകം മറവു ചെയ്തിരുന്നു. എന്നാല്‍ അത് ഇതുവരെ തുറന്നിട്ടില്ല. ബ്രിട്ടിഷ് പ്രഭുകുടുംബത്തിലെ അംഗമായിരുന്ന ഡയാന ഒരു കിന്റര്‍ഗാര്‍ട്ടന്‍ ടീച്ചറായിരുന്നു ആദ്യനാളുകളില്‍ .1981ല്‍ അവര്‍ ചാള്‍സ് രാജകുമാരനെ വിവാഹം കഴിച്ചു. 75 കോടി ആളുകളാണ് ഈ വിവാഹം ടിവിയില്‍ കണ്ടത്. വില്യം, ഹാരി എന്ന 2 മക്കളാണ് ചാള്‍സ്-ഡയാന ദമ്പതികള്‍ക്കു പിറന്നത്. കാമില പാര്‍ക്കറുമായി ചാള്‍സിനുണ്ടായ വിവാഹേതരബന്ധവും അന്യോന്യമുള്ള പൊരുത്തക്കേടുകളും ഇരുവരുടെയും വിവാഹജീവിതത്തെ ഉലച്ചു. 1996ല്‍ ഇരുവരും വിവാഹമോചനം നേടി. വളരെ ശ്രദ്ധിച്ചുള്ള വസ്ത്രധാരണവും ഒരേസമയം ക്ലാസിക്കും അതേസമയം ട്രെന്‍ഡിയുമായ സ്‌റ്റൈലും ഡയാനയെ വേറിട്ടുനിര്‍ത്തി. അതു വിവാഹമോചന കാലയളവിലും തുടര്‍ന്നു.
ചാള്‍സിന്റെ വിവാഹേതരബന്ധം പുറത്തറിഞ്ഞതിനു പിന്നാലെ 1994ല്‍ കെന്‍സിങ്ടന്‍ ഗാര്‍ഡനില്‍ നടന്ന വാനിറ്റി ഫെയര്‍ ഗാലയില്‍ ഡയാന കറുത്ത വേഷമണിഞ്ഞെത്തി. ഈ കറുപ്പ് ഗൗണ്‍ പിന്നീട് ഡയാനയുടെ പ്രതികാരവേഷം അഥവാ റിവഞ്ച് ഡ്രസ് എന്ന പേരില്‍ അറിയപ്പെട്ടു. ഒരു ഓഫ്‌ഷോള്‍ഡര്‍ സില്‍ക് ഗൗണായിരുന്നു അത്. ഇന്നത്തെ കാലത്തെ രണ്ടു ലക്ഷം രൂപയായിരുന്നു അന്ന് അതിന്റെ വില. പില്‍ക്കാലത്ത് ഇത് 39,098 ബ്രിട്ടിഷ് പൗണ്ടുകള്‍ക്ക് ലേലത്തില്‍ വിറ്റു. ഡയാന അണിഞ്ഞതില്‍ ഏറ്റവും ശ്രദ്ധേയമായ വസ്ത്രങ്ങളിലൊന്നായാണ് ഇതു വിലയിരുത്തപ്പെടുന്നത്. ഒരു സ്‌റ്റൈല്‍ ഐക്കണ്‍ എന്നതിനപ്പുറം ജനോപകാരപ്രദമായ അനവധി പ്രവര്‍ത്തനങ്ങളിലും ഡയാന പങ്കാളിയായിരുന്നു. പീപ്പിള്‍സ് പ്രിന്‍സസ് അഥവാ ജനങ്ങളുടെ രാജകുമാരിയെന്ന് അവര്‍ സ്‌നേഹത്തോടെ വിശേഷിപ്പിക്കപ്പെട്ടു. 1997ല്‍ 36-ാം വയസ്സില്‍ പാരിസില്‍വച്ചുണ്ടായ വാഹനാപകടത്തില്‍ ഡയാന മരിച്ചു.