എഡിന്‍ബര്‍ഗിലെ സ്‌കോട്ടിഷ് പാര്‍ലമെന്റ് മന്ദിരത്തിലെ ശുചിമുറിയില്‍ ഒരു പാര്‍ലമെന്റംഗം ഒളിക്യാമറ വെച്ചതായി ആരോപണം. കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കൈവശം വെച്ച കേസില്‍ ഈ മാസം ആദ്യം പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യപ്പെട്ട ലേബര്‍ എം പി കോളിന്‍ സ്മിത്ത് ആണ് ആരോപണ വിധേയന്‍. ഇതുമായി ബന്ധപ്പെട്ട് ക്രിമിനല്‍ അന്വേഷണം നടക്കുന്നതിനാല്‍, കെട്ടിടത്തില്‍ പ്രവേശിക്കാന്‍ കോളിന്‍ സ്മിത്തിനുള്ള അനുമതി റദ്ദാക്കിയിരിക്കുകയാണെന്ന് പാര്‍ലമെന്റ് കോര്‍പ്പറേറ്റ് ബോഡി എല്ലാ ജീവനക്കാരെയും ഇ മെയില്‍ വഴി അറിയിച്ചിട്ടുണ്ട്.
കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കൈവശം വെച്ച കേസില്‍, സൗത്ത് സ്‌കോട്ട്‌ലാന്‍ഡിനെ പ്രതിനിധീകരിക്കുന്ന കോളിന്‍ സ്മിത്ത് ഡംഫ്രീസ് ഷെറീഫ് കോടതിയില്‍ ഹാജരാകാന്‍ ഇരിക്കുകയാണ്. അതിനു പിന്നാലെ ഒളിക്യാമറ സ്ഥാപിച്ചു എന്ന ആരോപണത്തിലും പോലീസ് ഇയാള്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്യുമെന്നാണ് ഡെയ്ലി റെക്കോര്‍ഡ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. ബി ബി സി സ്‌കോട്ട്‌ലാന്‍ഡ് ന്യൂസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
സ്‌കോട്ടിഷ് ലേബര്‍ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി വരെ പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ് സ്മിത്ത്. എന്നാല്‍, ഈമാസം ആദ്യം സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതോടെ അയാള്‍ ഒരു സ്വതന്ത്ര എം പി ആയാണ് തുടരുന്നത്.