എസെക്‌സിലെ എപ്പിങ്ങിലുള്ള ദി ബെല്‍ ഹോട്ടലിലെ അഭയാര്‍ത്ഥികളെ ഒഴിപ്പാക്കാനുള്ള നീക്കം തടഞ്ഞു കോര്‍ട്ട് ഓഫ് അപ്പീല്‍. സെപ്തംബര്‍ 12 നകം 138 അഭയാര്‍ത്ഥികളേയും ഈ ഹോട്ടലില്‍ നിന്ന് മാറ്റണമെന്നായിരുന്നു കോടതി വിധി. ഇത് കോര്‍ട്ട് ഓഫ് അപ്പീല്‍ റദ്ദാക്കി. കുടിയേറിയവരെ മാറ്റി താമസിപ്പിക്കാനുള്ള വെല്ലുവിളികള്‍ പരിഗണിക്കാതെയുള്ളതായിരുന്നു വിധിയെന്ന് ലോര്‍ഡ് ജസ്റ്റിസ് ബീന്‍ പറഞ്ഞു. അതിനിടെ എപ്പിംഗ് ഫോറസ്റ്റ് ഡിസ്ട്രിക്റ്റ് കൗണ്‍സില്‍, കേസുമായി സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണിപ്പോള്‍.
വിധി പുറത്തുവന്നതിന് പിന്നാലെ പ്രതിഷേധം ഉയരുകയും അറസ്റ്റ് ഉള്‍പ്പെടെ ഉണ്ടാകുകയും ചെയ്തിരുന്നു. ആയിരക്കണക്കിന് പേരാണ് കുടിയേറ്റ വിരുദ്ധ പ്രതിഷേധങ്ങളുമായി ഹോട്ടലുകള്‍ക്ക് മുന്നില്‍ അണി നിരക്കുന്നത്.
ഹോട്ടലില്‍ താമസിച്ചിരുന്ന അഭയാര്‍ത്ഥി 14 വയസുള്ള കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച സംഭവം പുറത്തുവന്നതിന് പിന്നാലെ വന്‍ പ്രതിഷേധമാണ് അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ഉയരുന്നത്. അഭയാര്‍ത്ഥികളെ ഇറക്കിവിടാനുള്ള വിധി കൗണ്‍സിലുകള്‍ സമ്പാദിച്ചാല്‍ മറ്റ് കൗണ്‍സിലുകളും ഇതേ ആവശ്യവുമായി കോടതിയെ സമീപിക്കും. ഇത് സര്‍ക്കാരിന് തിരിച്ചടിയാകും. അനധികൃതമായി രാജ്യത്തെത്തുന്നവരുടെ കാര്യത്തില്‍ അടിയന്തര നടപടിയെടുക്കാന്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദമുയരുകയാണ്.