കോട്ടയം: പ്രിയപ്പെട്ടവര്‍ക്കൊപ്പം ഓണം ആഘോഷിക്കാന്‍ കുടുംബത്തോടൊപ്പം നാട്ടിലെത്തിയ സോമര്‍സെറ്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു. യോവിലില്‍ കുടുംബമായി താമസിച്ചിരുന്ന വിശാഖ് മേനോന്‍(46) ആണ് പ്രിയപ്പെട്ടവരേ കണ്ണീരിലാഴ്ത്തി വിടപറഞ്ഞത്.
ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം സംഭവിച്ചത് എന്നാണ് വിവരം. നാട്ടില്‍ കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയാണ്. യോവില്‍ എന്‍എച്ച്എസ് ട്രസ്റ്റിലെ നഴ്സായ രശ്മി നായരാണ് ഭാര്യ. അമന്‍ ഏകമകനാണ്. പെരുന്ന അമൃതവര്‍ഷിണിയില്‍ ഗോപാലകൃഷ്ണ മേനോനും ശ്രീകലയുമാണ് മാതാപിതാക്കള്‍. കഴിഞ്ഞ ദിവസം രാവിലെ കോട്ടയം പൂവന്തുരുത്തിലെ ഭാര്യ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.
യോവില്‍ ഹിന്ദു സമാജം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, സോമര്‍സെറ്റ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. യുക്മയുടെ മുന്‍ അസോസിയേഷന്‍ പ്രതിനിധിയായിരുന്നു. ഏറെ നാളായി യോവിലില്‍ താമസിച്ചിരുന്ന വിശാഖിന് പുതിയ ജോലി കിട്ടിയിരുന്നു. തുടര്‍ന്ന് ഷെഫീല്‍ഡിക്ക് താമസം മാറുന്നതിനുള്ള ഒരുക്കത്തിലായിരുന്നു. അതിനു മുന്‍പ് നാട്ടിലെത്തി ബന്ധുക്കളെ സന്ദര്‍ശിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി മരണം സംഭവിച്ചത്.
സംസ്കാരം ശനിയാഴ്ച രാത്രി ഒന്‍പതിന് കൊല്ലം വള്ളിക്കാവ് അമൃതപുരിയില്‍ വച്ച് നടക്കും.