വിദേശത്ത് താമസിച്ച് ചൈല്‍ഡ് ബെനഫിറ്റ് പേയ്‌മെന്റ് അവകാശപ്പെടുന്നവരുടെ അപേക്ഷകള്‍ നിരാകരിക്കുമെന്ന് മന്ത്രിമാര്‍. ഇതിനോടകം തന്നെ യുകെയിലെ താമസം ഉപേക്ഷിച്ചുപോയ, എന്നാല്‍ ചൈല്‍ഡ് ബെനഫിറ്റ് ക്ലെയിം ചെയ്യുന്ന 2,600 പേരെ ക്ഷേമ പദ്ധതിയില്‍ നിന്നും നീക്കം ചെയ്തതായും സര്‍ക്കാര്‍ അറിയിച്ചു. പതിനായിരക്കണക്കിന് ആളുകളാണ്, യുകെയില്‍ താമസമില്ലെങ്കില്‍ കൂടി ചൈല്‍ഡ് ബെനഫിറ്റ് ക്ലെയിം ചെയ്യുന്നതെന്ന് ഔദ്യോഗിക കണക്കുകള്‍ പറയുന്നു. ഇത്തരക്കാര്‍ക്കുള്ള പെയ്‌മെന്റ് നിര്‍ത്തലാക്കുന്നതിനുള്ള നടപടികളാണ് ഇപ്പോള്‍ സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്.ലണ്ടന്‍: ഇതുവഴി അടുത്ത അഞ്ച് വര്‍ഷത്തേക്ക് സംസ്ഥാന ഖജനാവിലേക്ക് 350 മില്യണ്‍ പൗണ്ട് ലാഭിക്കാനാവുമെന്നു കണക്കുകൂട്ടുന്നു.
അബദ്ധവശാലും തട്ടിപ്പ് കാണിച്ചും ചൈല്‍ഡ് ബെനഫിറ്റ് പട്ടികയില്‍ ഇടംപിടിച്ചവരെ നീക്കം ചെയ്യാന്‍ 200 ഉദ്യോഗസ്ഥരെ അധികമായി നിയമിച്ചതായി സര്‍ക്കാര്‍ വെളിപ്പെടുത്തി. നേരത്തെ പരീക്ഷണാര്‍ത്ഥം നടത്തിയ പദ്ധതിയില്‍ 15 പരിശോധകര്‍ ചേര്‍ന്ന് നടത്തിയ പരിശോധനകളില്‍ ഏകദേശം 17 മില്യണ്‍ പൗണ്ടിന്റെ തെറ്റായ പേയ്‌മെന്റുകള്‍ നിര്‍ത്തലാക്കാന്‍ സാധിച്ചതായി സര്‍ക്കാര്‍ അവകാശപ്പെടുന്നു. അന്താരാഷ്ട്ര ട്രാവല്‍ ഡാറ്റ പരിശോധിച്ചായിരിക്കും ഒരാള്‍ യുകെയില്‍ താമസമാണോ അലയോ എന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തുക.
സെപ്റ്റംബര്‍ മുതല്‍ പത്തിരട്ടി ഉദ്യോഗസ്ഥരെ ഇതിനായി കൂടുതലായി നിയമിക്കുമെന്നാണ് കാബിനറ്റ് ഓഫീസ് മിനിസ്റ്റര്‍ ജോര്‍ജിയ ഗൗള്‍ഡ് അറിയിച്ചത്. നികുതിദായകരുടെ നൂറുകണക്കിന് മില്യണ്‍ പൗണ്ട് സംരക്ഷിക്കാന്‍ ഇതുവഴി കഴിയുമെന്നും അവര്‍ പറഞ്ഞു. വിദേശത്ത് താമസിച്ച് ചൈല്‍ദ് ബെനെഫിറ്റ് ക്ലെയിം ചെയ്യാന്‍ ഇനിമെല്‍ ആവില്ല. ഏകദേശം 69 കുടുംബങ്ങള്‍ക്ക് സഹായകമായി 11.9 മില്യണ്‍ കുട്ടികളെ സഹായിക്കാനാണ് ഈ സഹായധനം നല്‍കുന്നത്. യു കെയില്‍ ഏറ്റവും അധികം പേര്‍ കൈപ്പറ്റുന്ന ആനുകൂല്യങ്ങളില്‍ ഒന്നാണിത്.
ബ്രിട്ടനിലെ ജനങ്ങളുടെ ക്ഷേമം ഉറപ്പു വരുത്തുന്നതിനായി സര്‍ക്കാര്‍ കൊണ്ടുവരുന്ന പദ്ധതികളില്‍ തട്ടിപ്പ് നടത്തി വിദേശത്ത് ജീവിക്കുന്നവര്‍ ലക്ഷക്കണക്കിന് പണ്ട് തട്ടിച്ചെടുക്കുന്നതായി സണ്‍ഡേ മെയില്‍ വെളിപ്പെടുത്തിയിരുന്നു. 2024/25 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം ഇത്തരത്തില്‍ വിദേശത്തിരുന്ന് തട്ടിപ്പു നടത്തി അനര്‍ഹരായവര്‍ തട്ടിയെടുത്തത് 423 മില്യണ്‍ പൗണ്ടാണെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സിന്റെ (ഡി ഡബ്ല്യു പി) കണക്കുകള്‍ വ്യക്തമാക്കുന്നു. വിദേശത്ത് താമസിക്കുന്ന 2,600 പേര്‍ ചേര്‍ന്ന് ചൈല്‍ഡ് ബെനെഫിറ്റ് പദ്ധതിയില്‍ നിന്നു മാത്രം 17 മില്യണ്‍ പൗണ്ട് തട്ടിച്ചെടുത്തതായാണ് രേഖകള്‍ പറയുന്നത്. ഇതോടെയാണ് ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ തടയണമെന്ന ആവശ്യത്തിന് ശക്തി വര്‍ദ്ധിച്ചത്.
എന്നാല്‍, ചൈല്‍ഡ് ബെനെഫിറ്റിലെ തട്ടിപ്പ് പുറത്തു വന്നത് മഞ്ഞുമലയുടെ അഗ്രം മാത്രമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഡി ഡബ്ല്യു പി യുടെ കണക്കുകള്‍ വ്യക്തമാക്കുന്നത് വിദേശത്ത് ജീവിച്ച് യൂണിവേഴ്സല്‍ ക്രെഡിറ്റ് ക്ലെയിം ചെയ്തവര്‍ക്ക് നല്‍കിയത് 178 മില്യണ്‍ പൗണ്ട് ആണെന്നാണ്. അതുപോലെ 108 മില്യണ്‍ പൗണ്ട് പെന്‍ഷന്‍ ക്രെഡിറ്റ് ഇനത്തിലും വിദേശത്ത് ജീവിക്കുന്നവര്‍ കൈക്കലാക്കിയിട്ടുണ്ടത്രെ. ഹൗസിംഗ് ബെനഫിറ്റ്, പേഴ്സണല്‍ ഇന്‍ഡിപെന്‍ഡന്‍സ് പെയ്‌മെന്റ്‌സ് എന്നിവയിലും സമാനമായ തട്ടിപ്പുകള്‍ നടന്നിട്ടുണ്ടെന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വിദേശങ്ങളിലേക്ക് താമസം മാറ്റിയവര്‍ക്ക് ഒരു മാസം കൂടി ഈ ആനുകൂല്യങ്ങള്‍ അവകാശപ്പെടാവുന്നതാണ്. എന്നാല്‍, നിയമം അനുശാസിക്കുന്ന ഈ പരിധിക്കപ്പുറത്തും ആളുകള്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുകയാണ്. അന്വേഷണത്തിനായി, ക്രമരഹിതമായി തിരഞ്ഞെടുക്കപ്പെട്ട രണ്ടു ലക്ഷം പേരില്‍ 13 ശതമാനം പേര്‍ ഇത്തരത്തില്‍ ഉള്ളവരാണെന്നത് ഞെട്ടിക്കുന്ന വാര്‍ത്ത തന്നെയാണ്.
വിദേശത്തേക്ക് താമസം മാറ്റുകയാണെങ്കില്‍, മാതാപിതാക്കള്‍ അക്കാര്യം എട്ടാഴ്ച മുന്‍പേ നികുതി വകുപ്പിനെ അറിയിക്കണമെന്ന് നിയമമുണ്ട്. എന്നാല്‍, അത്തരത്തില്‍ പലരും ചെയ്തിട്ടെല്ലെന്ന് അന്വേഷകര്‍ കണ്ടെത്തി.