യുകെയില്‍ വര്‍ധിപ്പിച്ച സൗജന്യ ചൈല്‍ഡ്‌കെയര്‍ സേവനങ്ങള്‍ ഇന്നുമുതല്‍ ലഭ്യമാകും. ജോലി ചെയ്യുന്ന മാതാപിതാക്കളടെ ഒന്‍പത് മാസത്തിലേറെ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്കാണ് ആഴ്ചയില്‍ 30 മണിക്കൂര്‍ സൗജന്യ ചൈല്‍ഡ് കെയര്‍ ലഭ്യമാകുക. നേരത്തെ ഇത് 13 മണിക്കൂറായിരുന്നു.
അതേസമയം, സൗജന്യ സേവനങ്ങള്‍ വര്‍ധിപ്പിക്കുന്നതിനാല്‍ ഡിമാന്‍ഡ് ഉയരുന്നതിനൊപ്പം ജോലിക്കാരെ കണ്ടെത്തുന്നത് എളുപ്പമാകില്ലെന്ന് നഴ്‌സറികള്‍ക്കുള്ള മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. കുറഞ്ഞ വരുമാനമാണ് നഴ്‌സറി ജീവനക്കാര്‍ക്ക് ലഭിക്കുന്നതെന്നതാണ് പ്രധാന പ്രതിസന്ധി. മിനിമം വേജിലും ചെറിയ വര്‍ധനവില്‍ വരുമാനമുള്ള ജോലിക്ക് ആളെ റിക്രൂട്ട് ചെയ്യുന്നത് എളുപ്പമാകില്ലെന്ന് നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ എഡ്യുക്കേഷണല്‍ റിസേര്‍ച്ച് ചൂണ്ടിക്കാണിച്ചു.
എങ്കിലും ഗവണ്‍മെന്റ് ലക്ഷ്യമിടുന്ന തോതില്‍ ജീവനക്കാരുടെ എണ്ണം കൂട്ടുന്നതിലേക്കുള്ള ട്രാക്കില്‍ കാര്യങ്ങള്‍ പുരോഗമിക്കുന്നുണ്ട്. എന്നാല്‍ ഇത് തുടരാന്‍ സാധ്യത കുറവാണെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. സൗജന്യ ചൈല്‍ഡ്‌കെയര്‍ സൗകര്യം വിപുലീകരിക്കുമ്പോള്‍ ഡിമാന്‍ഡിന് അനുസൃതമായ ജോലിക്കാരുടെ എണ്ണം ഉണ്ടാകുമെന്ന് ഉറപ്പിക്കേണ്ടത് സുപ്രധാനമാണെന്ന് എന്‍എഫ്ഇആര്‍ എഡ്യുക്കേഷന്‍ വര്‍ക്ക്‌ഫോഴ്‌സ് ലീഡ് ജാക്ക് വര്‍ത്ത് പറഞ്ഞു.
നിലവിലെ പദ്ധതി പ്രകാരം 2025 സെപ്റ്റംബറില്‍ 35,000 നഴ്‌സറി ജീവനക്കാരുടെ വര്‍ധനവാണ് ഇതിനായി ആവശ്യം വരികയെന്ന് കണക്കാക്കുന്നു. ഈ എണ്ണം കൈവരിച്ചാലും റിക്രൂട്ട്‌മെന്റ് തുടരുന്നതും, ഇവരെ നിലനിര്‍ത്തുന്നതും എളുപ്പമാകില്ലെന്ന് എന്‍എഫ്ഇആര്‍ ചൂണ്ടിക്കാണിക്കുന്നു.