യുകെയില്‍ വീട് വിലയില്‍ അപ്രതീക്ഷിത ഇടിവ്. ആഗസ്റ്റ് മാസത്തില്‍ ശരാശരി വീടിന്റെ വില 0.1 ശതമാനം ഇടിഞ്ഞ് 2,71,079 ആയതായി നാഷണല്‍ ബില്‍ഡിംഗ് സൊസൈറ്റിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. റോയിറ്റേഴ്സ് നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ പങ്കെടുത്ത സാമ്പത്തിക വിദഗ്ധര്‍ യഥാര്‍ത്ഥത്തില്‍ വീട് വില 0.2 ശതമാനം വര്‍ധിക്കും എന്നായിരുന്നു പറഞ്ഞിരുന്നത്. പ്രതീക്ഷയ്ക്ക് വിരുദ്ധമായി വീട് വില ഇടിയുവാന്‍ പ്രധാന കാരണമായത് ഉയര്‍ന്ന മോര്‍ട്ട്‌ഗേജ് നിരക്കാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
വീട് വില വര്‍ദ്ധനവിന്റെ വാര്‍ഷിക നിരക്ക് ആഗസ്റ്റില്‍ 2.1 ശതമാനം ആയിരുന്നു. ജൂലൈയില്‍ ഇത് 2.4 ശതമാനമായിരുന്നു എന്നും നേഷന്‍വൈഡ് പറയുന്നു. ഉയര്‍ന്ന മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വീടുകള്‍ വാങ്ങുന്നവരെ പിഴിയുകയാണെന്നും, അതിനാല്‍ തന്നെ പലരും മോര്‍ട്ട്‌ഗേജ് എടുക്കാന്‍ മടികാണിക്കുകയാണെന്നും നേഷന്‍വൈഡിലെ ചീഫ് ഇക്കണോമിസ്റ്റ് ആയ റോബര്‍ട്ട് ഗാര്‍ഡ്‌നര്‍ പറഞ്ഞു. കുടുംബങ്ങളുടെ വരുമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോഴും വീടുകളുടെ വില ഉയര്‍ന്ന് തന്നെയാണ് ഇരിക്കുന്നത്. അതുകൊണ്ടു തന്നെ ഡെപ്പോസിറ്റ് സ്വരൂപിക്കുക എന്നത് പലര്‍ക്കും ഒരു വെല്ലുവിളിയായി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ചാന്‍സലറുടെ പ്രോപ്പര്‍ട്ടി ടാക്‌സ് അഭ്യൂഹങ്ങള്‍ ശക്തമാകുന്നത് ഭവനവിപണിക്ക് തിരിച്ചടി സമ്മാനിയ്ക്കുന്നുണ്ട്. 500,000 പൗണ്ടിന് മുകളില്‍ മൂല്യമുള്ള വീടുകളുടെ വില്‍പ്പനയില്‍ നികുതി ഏര്‍പ്പെടുത്താന്‍ റേച്ചല്‍ റീവ്‌സ് ആലോചിക്കുന്നതായാണ് കരുതുന്നത്. കൂടാതെ 1.5 മില്ല്യണ്‍ പൗണ്ടിന് മുകളിലുള്ള പ്രൈമറി ഭവനങ്ങള്‍ക്ക് നല്‍കിയിരുന്ന ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സ് ഇളവ് ഒഴിവാക്കി ഗവണ്‍മെന്റിന് കൂടുതല്‍ വരുമാനം നല്‍കാനും ചാന്‍സലര്‍ ആലോചന നടത്തുന്നുണ്ട്. ബജറ്റില്‍ ഈ പ്രഖ്യാപനം ഉണ്ടാകുമെന്ന വാര്‍ത്തകള്‍ വന്നതോടെ ഹൗസിംഗ് വിപണി ഇപ്പോള്‍ മെല്ലെപ്പോക്കിലേക്ക് മാറിയെന്ന് എസ്‌റ്റേറ്റ് ഏജന്റുമാര്‍ ചൂണ്ടിക്കാണിക്കുന്നു.
500,000 പൗണ്ടിന് മുകളിലെ വീടുകളുടെ വില്‍പ്പനയില്‍ നികുതി ഏര്‍പ്പെടുത്തുമെന്ന് വന്നതോടെ വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ പലരും കാത്തിരുന്ന് കാണാമെന്ന നിലപാടിലേക്ക് മാറിയെന്ന് പ്രോപ്പര്‍ട്ടി വെബ്‌സൈറ്റ് സൂപ്ല പറയുന്നു.