അഭയാര്‍ത്ഥികള്‍ കുടുംബാംഗങ്ങളെ കൊണ്ടുവരുന്നത് തടയാന്‍ ഹോം സെക്രട്ടറി
അനധികൃത കുടിയേറ്റം സജീവ ചര്‍ച്ചയായി മാറുന്നതിനിടെ താല്‍ക്കാലിക ആശ്വാസമെന്നോണം നടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് ലേബര്‍ ഗവണ്‍മെന്റ്. അഭയാര്‍ത്ഥികള്‍ കുടുംബാംഗങ്ങളെ യുകെയിലേക്ക് കൊണ്ടുവരുന്നത് ബുദ്ധിമുട്ടാക്കി മാറ്റുന്നതിനുള്ള പദ്ധതികളാണ് ഹോം സെക്രട്ടറി അവതരിപ്പിക്കുന്നത്.
അഭയാര്‍ത്ഥി കേസുകള്‍ പരിഗണിക്കുന്ന രീതിയില്‍ മാറ്റങ്ങള്‍ വരുത്താന്‍ ആലോചിക്കുന്നതായി ഹോം സെക്രട്ടറി വ്യക്തമാക്കി. ഫാമിലി റീയൂണിയന്‍ പോളിസി ഉള്‍പ്പെടെ വിഷയങ്ങളില്‍ ഈ മാറ്റം വരും. ചാനല്‍ കുടിയേറ്റത്തിന് ആളുകളെ ആകര്‍ഷിക്കുന്ന ഒരു ഘടകം ഇതാണെന്നാണ് കരുതുന്നത്.
സമ്മര്‍ കാലയളവ് ഗവണ്‍മെന്റിന് കുടിയേറ്റ വിരുദ്ധ പ്രതിഷേധങ്ങളുടെ തലവേദന നേരിടേണ്ട അവസ്ഥയുണ്ട്. ഈ ഘട്ടത്തിലാണ് അതിര്‍ത്തി സുരക്ഷയ്ക്കായി പുതിയ പദ്ധതി വരുമെന്ന് വെറ്റ് കൂപ്പര്‍ വ്യക്തമാക്കുന്നത്.
ഇതിനിടെ കൂടുതല്‍ കൗണ്‍സിലുകള്‍ തങ്ങളുടെ മേഖലകളിലെ ഹോട്ടലുകളില്‍ അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിക്കുന്നതിന് എതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാനുള്ള ആലോചനയിലാണ്.
അഭയാര്‍ത്ഥികളെ ഹോട്ടലുകളില്‍ പാര്‍പ്പിക്കുന്നതില്‍ ജനരോഷം ശക്തമാകുമ്പോള്‍ ഇവരെ പുറത്താക്കാനുള്ള വിധിക്കെതിരെ കോടതിയെ സമീപിച്ചതാണ് സര്‍ക്കാരിന് തിരിച്ചടിയായത്. അനധികൃത കുടിയേറ്റം വ്യാപകമായി അരങ്ങേറുമ്പോള്‍ ലേബര്‍ ഗവണ്‍മെന്റ് മൃദു സമീപനം സ്വീകരിക്കുന്നതായുള്ള ആരോപണങ്ങള്‍ റിഫോം യുകെ ശക്തമാക്കിയിരുന്നു.