യുകെയില്‍ പെണ്‍കുട്ടികളും സ്ത്രീകളും പ്രതികളാകുന്ന ആക്രമണ സംഭവങ്ങള്‍ വര്‍ധിച്ചു വരുന്നതായി റിപോര്‍ട്ട്. പലപ്പോഴും ഇത്തരം ആക്രമണങ്ങള്‍ നേരിടുന്നത് കുട്ടികളും പ്രായമുള്ളവരുമാണ്. സൗത്ത് ഈസ്റ്റേണ്‍ റെയില്‍ സര്‍വീസില്‍ വച്ച് പ്രായമുള്ളവരെ ആക്രമിച്ച പെണ്‍കുട്ടികളുടെ ചിത്രം ബ്രിട്ടിഷ് ട്രാന്‍സ്പോര്‍ട്ട് പൊലീസ് പുറത്തുവിട്ടത് കഴിഞ്ഞയാഴ്ചയാണ്. തെക്കന്‍ ലണ്ടനിലൂടെ പോകുന്ന റൂട്ടുകളില്‍ മണിക്കൂറിനുള്ളില്‍ അടുത്തടുത്തായി നടന്ന ഈ സംഭവങ്ങള്‍ ഒരേ സംഘമാണ് നടത്തിയതെന്നാണ് കരുതുന്നത്. വെസ്റ്റ് സസെക്‌സ് ഗ്രാമത്തില്‍ 'അക്രമാസക്തരായ' പെണ്‍കുട്ടികളുടെ സംഘം നടത്തിയ ആക്രമണവും ആശങ്കകള്‍ പരത്തിയിരുന്നു. ബാണ്‍ഹാമിന്റെ റെയില്‍ സ്റ്റേഷനിലെ കൂട്ടത്തല്ലിലും പ്രതികള്‍ സ്ത്രീകളാണ് . ഈ വര്‍ഷം ഫെബ്രുവരി 27 ന് വടക്കന്‍ ലണ്ടനിലെ ഇസ്ലിങ്ടണില്‍ 75 വയസ്സുകാരനായ ഫ്രെഡി റിവേറോ ആക്രമണത്തില്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് 14, 16, 17 വയസ്സുള്ള മൂന്ന് പെണ്‍കുട്ടികളാണ് പിടിയിലായിരിക്കുന്നത്. കഴിഞ്ഞ മാസം ലങ്കാഷെയറിലെ മോര്‍കാംബെയില്‍ 13 വയസ്സുകാരിയായ ഒലീവിയ അല്ലനെ ഗുരുതരമായി പരുക്കേല്‍പ്പിച്ചതിന് പിന്നിലും മറ്റൊരു 'ലേഡി ഗ്യാങ്ങ്' ആണ്. ലോക്കല്‍ ഗവണ്‍മെന്റ് അസോസിയേഷന്‍ റിപ്പോര്‍ട്ടിലും പെണ്‍കുട്ടികളും യുവതികളും അക്രമത്തില്‍ ഏര്‍പ്പെടുന്നത് വര്‍ധിച്ചു വരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ബാണ്‍ഹാമിലെ ഒരു കടയില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിക്കുന്ന പെണ്‍കുട്ടികളുടെ ദൃശ്യങ്ങളും കഞ്ചാവ് വലിക്കുന്ന പെണ്‍കുട്ടികളുടെ സംഘത്തെ സംബന്ധിച്ച വിവരവുമെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞത് സമീപ ദിവസങ്ങളിലാണ്. ബാണ്‍ഹാമില്‍ നിന്ന് പുറത്ത് വന്ന ദൃശ്യങ്ങളില്‍ ഒരു പെണ്‍കുട്ടി ഒരു ഉദ്യോഗസ്ഥന്റെ തലയില്‍ ആവര്‍ത്തിച്ച് അടിക്കുന്നതും മറ്റൊരാള്‍ നിലത്ത് കിടക്കുന്നതും കാണാം. ട്രെയിന്‍ ജീവനക്കാരെയും പൊലീസിനെയും ആക്രമിച്ച ബാണ്‍ഹാമിലെ പെണ്‍കുട്ടികളുടെ സംഘത്തെ പിന്നീട് ശിക്ഷയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു. നിയമപരമായ കാരണങ്ങളാല്‍ പേര് വെളിപ്പെടുത്താന്‍ കഴിയാത്ത അഞ്ച് പെണ്‍കുട്ടികള്‍ ട്രെയിന്‍ ജീവനക്കാര്‍, പൊലീസ്, പൊതുജനങ്ങള്‍ എന്നിവരെ ആക്രമിക്കുകയും തല കൊണ്ട് ഇടിക്കുകയും മുടി പറിച്ചെടുക്കുകയും ചെയ്തു സംഭവും ബ്രട്ടിനിലെ വര്‍ധിച്ച് വരുന്ന ആക്രമണ സംഭവങ്ങളുടെ പരമ്പരയില്‍ ഉള്‍പ്പെടുന്നു. ഒരു മണിക്കൂര്‍ നീണ്ട സംഘര്‍ഷത്തിനിടയില്‍ പെണ്‍കുട്ടി റെയില്‍വേ യാത്രക്കാരന്റെ തലയില്‍ നിന്ന് പറിച്ചെടുത്ത മുടി ട്രോഫി പോലെ ഉയര്‍ത്തിക്കാട്ടിയെന്നാണ് പൊലീസ് കോടതിയില്‍ അറിയിച്ചത്.
പെണ്‍കുട്ടികള്‍ സംഘടിത കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതും, ലഹരിക്കുമരുന്ന് കടത്തുന്നതുപോലുള്ള 'കൗണ്ടി ലൈന്‍സ്' പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നതും വര്‍ധിച്ചു വരുന്നതായി റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പെണ്‍കുട്ടികളെ ലഹരിമരുന്ന് സംഘങ്ങള്‍ ലൈംഗികമായി ചൂഷണം ചെയ്യുകയും, പിന്നീട് അതിജീവന തന്ത്രമെന്ന നിലയില്‍ മറ്റുള്ളവരെ ചൂഷണം ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ബാല്യകാലത്തെ ആഘാതങ്ങള്‍, ദാരിദ്ര്യം, ജീവിതച്ചെലവ്, അധികാരികളോടുള്ള പ്രതികൂല അനുഭവങ്ങള്‍, സ്‌കൂള്‍ അനുഭവങ്ങള്‍, സംരക്ഷണ സംവിധാനത്തിലെ തിരിച്ചടികള്‍ എന്നിവ പെണ്‍കുട്ടികള്‍ ഇത്തരം സംഘങ്ങളില്‍ എത്തപ്പെടാനിടയാക്കുന്നു.