ചെഷയറില്‍ കളിസ്ഥലത്ത് 12 വയസ്സുള്ള ആണ്‍കുട്ടി വീണ് മരിച്ച സംഭവത്തില്‍ ഒരു കൗമാരക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ആഗസ്റ്റ് 29 വെള്ളിയാഴ്ചയാണ് വിന്‍സ്‌ഫോര്‍ഡിലെ വാര്‍ട്ടണിലെ വിനോദസഞ്ചാര കേന്ദ്രത്തില്‍ കുട്ടിക്ക് അപകടം സംഭവിച്ചത്. ലോഗന്‍ കാര്‍ട്ടര്‍ എന്ന പേരുകാരനായ കുട്ടിക്ക് ഗുരുതര പരിക്ക് പറ്റിയിരുന്നു. അപകടം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പാരാമെഡിക്കലുകള്‍ കുട്ടിയെ ചികിത്സിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
റൗണ്ട്എബൗട്ട് ഓടിക്കാന്‍ ഇ-ബൈക്കിന്റെ ചക്രങ്ങള്‍ ഉപയോഗിച്ചതിനെ തുടര്‍ന്നാണ് ലോഗന്‍ കാര്‍ട്ടര്‍ കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു . അപകടകരമായ ഡ്രൈവിംഗ് മരണത്തിന് കാരണമായെന്ന് സംശയിച്ച് തിങ്കളാഴ്ച 13 വയസ്സുള്ള ഒരു ആണ്‍കുട്ടിയെ അറസ്റ്റ് ചെയ്യുകയും അന്വേഷണത്തിന് വിധേയനാക്കുകയും ചെയ്തു. പ്രത്യേക പരിശീലനം ലഭിച്ച സ്പെഷ്യലിസ്റ്റ് ഓഫീസര്‍മാര്‍ ലോഗന്റെ ബന്ധുക്കള്‍ക്ക് പിന്‍തുണ നല്‍കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.
ലോഗന്റെ സ്മരണയ്ക്കായി കുടുംബ സുഹൃത്തുക്കള്‍ ആരംഭിച്ച ഒരു GoFundMe പേജ് തിങ്കളാഴ്ച വൈകുന്നേരത്തോടെ ബന്ധുക്കളെ സഹായിക്കുന്നതിനായി 14,000- പൗണ്ടില്‍ അധികം സമാഹരിച്ചു കഴിഞ്ഞു. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാവുന്നവര്‍ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.