വിസ കാലാവധികഴിഞ്ഞും യുകെയില്‍ തുടരുന്ന മലയാളികളടക്കമുള്ള വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പുമായി ഹോം ഓഫീസ്. വിസ കാലാവധി കഴിഞ്ഞും രാജ്യത്തു തുടരുന്ന, പതിനായിരക്കണക്കിന് സ്റ്റുഡന്റ്‌സ് വിസയില്‍ എത്തിയ വിദ്യാര്‍ത്ഥികളെ ഹോം ഓഫീസ് നേരിട്ട് ബന്ധപ്പെട്ട് പുറത്തുക്കുമെന്ന് അറിയിച്ചു കഴിഞ്ഞു. വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് നിന്ന് പുറത്തുപോകാത്ത വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണുള്ളത്.
കാലാവധി കഴിഞ്ഞ വിദ്യാര്‍ത്ഥികളെ ടെക്‌സ്റ്റ് മെസേജായും ഇമെയില്‍ കൂടിയും ഹോം ഓഫീസ് നേരിട്ട് ബന്ധപ്പെടുകയായിരുന്നു. കാലാവധി കഴിഞ്ഞ ചില വിദ്യാര്‍ത്ഥികള്‍ അഭയാര്‍ത്ഥികളായി അഭയം തേടുന്ന പ്രവണതയും വര്‍ദ്ധിക്കുന്നതായി ഹോം സോക്രട്ടറി യെവെറ്റ് കൂപ്പര്‍ പറയുന്നു.
ജൂണ്‍ വരെയുള്ള കാലയളവില്‍ യുകെയില്‍ ലഭിച്ച അഭയാര്‍ത്ഥി അപേക്ഷകളില്‍ ഏകദേശം 13 ശതമാനം പഠന വിസയില്‍ എത്തിയവരില്‍ നിന്നാണെന്ന് ഹോം ഓഫീസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇത് 14800 വരും. വിസ കാലാവധി കഴിഞ്ഞ് താമസിക്കുന്ന കുട്ടികളില്‍ നിന്ന് എത്ര അപേക്ഷ ലഭിച്ചെന്ന് ഹോം ഓഫീസ് വ്യക്തമാക്കിയിട്ടില്ല.
യുകെയിലെത്താന്‍ സ്റ്റുഡന്റ്‌സ് വിസ ഉപയോഗിക്കുന്നവരാണ് പലരും. സ്റ്റുഡന്റ്‌സ് വിസയില്‍ കര്‍ശന നടപടിക്രമങ്ങള്‍ കൊണ്ടുവന്നിരിക്കുകയാണ് സര്‍ക്കാര്‍. അഭയാര്‍ത്ഥികള്‍ക്ക് കുടുംബാംഗങ്ങളെ യുകെയിലേക്ക് കൊണ്ടുവരാന്‍ അനുവദിക്കുന്നതിനുള്ള പുതിയ അപേക്ഷകളും നിര്‍ത്തിവക്കുകയാണെന്ന് ഹോം സെക്രട്ടറി അറിയിച്ചിരുന്നു.