ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വേനല്‍ക്കാലത്തിന് അറുതി വരുത്തിക്കൊണ്ട് യുകെയില്‍ കനത്ത മഴയും ശക്തമായ കാറ്റും നിറഞ്ഞ കാലാവസ്ഥ വരാന്‍ പോകുന്നതായി മുന്നറിയിപ്പ്. കാറ്റും മഴയും ഇടിവെട്ടും ആലിപ്പഴ വര്‍ഷവും ഇന്ന് വരാന്‍ ഇരിക്കെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും മഞ്ഞ മുന്നറിയിപ്പ് നിലവില്‍ വന്നു കഴിഞ്ഞു. എറിന്‍ ചുഴലിക്കാറ്റിന്റെ സ്വാധീനം അവശിഷ്ടങ്ങള്‍ ബ്രിട്ടന്റെ പല ഭാഗങ്ങളിലും കനത്ത മഴയ്ക്ക് കാരണമായ ഒരു ആഴ്ചയ്ക്ക് ശേഷമാണ് ഇപ്പോള്‍ വീണ്ടും മഴയെത്തുന്നത്.
പടിഞ്ഞാറന്‍ തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റ് അനുഭവപ്പെടും. തെക്കന്‍ സ്‌കോട്ട്‌ലാന്‍ഡില്‍ മെറ്റ് ഓഫീസ് ഇതിനോടകം തന്നെ മഞ്ഞ മുന്നറിയിപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞു. മഴയ്ക്കെതിരെയുള്ള മറ്റൊരു മഞ്ഞ മുന്നറിയിപ്പ് തെക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലും തെക്കന്‍ വെയ്ല്‍സിന്റെ മിക്ക ഭാഗങ്ങളിലും നിലവില്‍ വന്നു കഴിഞ്ഞു.
ഇന്നലെ അര്‍ദ്ധരാത്രി തുടങ്ങിയ മുന്നറിയിപ്പ് ഇന്ന് ഉച്ചയ്ക്ക് രണ്ടു മണി വരെ പ്രാബല്യത്തില്‍ ഉണ്ടായിരിക്കും. അറ്റ്‌ലാന്റിക്കില്‍ നിന്നും വീശിയടിക്കുന്ന അതിശക്തമായ കാറ്റ് മൂലം അതിശക്തമായ മഴയായിരിക്കും ലഭിക്കുക. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ 50 മി. മീ വരെ മഴ ലഭിക്കും.