കുട്ടികളിലെ പൊണ്ണത്തടിയും ആരോഗ്യ പ്രശ്നങ്ങളും കണക്കിലെടുത്തു 16 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് എനര്‍ജി ഡ്രിങ്കുകള്‍ വില്‍ക്കുന്നത് നിരോധിക്കാനൊരുങ്ങി ഇംഗ്ലണ്ട്. കുട്ടികള്‍ക്ക് എനര്‍ജി ഡ്രിങ്കുകള്‍ വില്‍ക്കുന്നതില്‍ നിന്ന് വാണിജ്യശാലകള്‍ക്ക് വിലക്കേര്‍പ്പെടുത്താനാണു നീക്കം. കുട്ടികള്‍ക്ക് റെഡ് ബുള്‍ പോലുള്ള ഉയര്‍ന്ന കഫീന്‍ അടങ്ങിയ ശീതള പാനീയങ്ങള്‍ വില്‍ക്കാന്‍ പാടില്ലെന്ന നിരോധനം ഉടന്‍ പ്രാബല്യത്തിലാകും.
രാജ്യത്ത് പ്രതിദിനം ഒരു ലക്ഷത്തോളം കുട്ടികള്‍ ഉയര്‍ന്ന കഫീന്‍ അടങ്ങിയ എനര്‍ജി ഡ്രിങ്കുകള്‍ കുടിക്കുന്നുണ്ടെന്നാണ് യുകെ സര്‍ക്കാരിന്റെ കണക്ക്. ആരോഗ്യകരവും സന്തുഷ്ടവുമായ പുതുതലമുറയെ വാര്‍ത്തെടുക്കാന്‍ ലക്ഷ്യമിട്ടാണ് നിരോധനമെന്ന് ആരോഗ്യമന്ത്രി വെസ് സ്ട്രീറ്റിങ് വ്യക്തമാക്കി. ഇംഗ്ലണ്ടില്‍ 13നും 16നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ മൂന്നിലൊന്നു പേരും ഉയര്‍ന്ന കഫീന്‍ അടങ്ങിയ ഇത്തരം പാനീയങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഇത്തരം എനര്‍ജി ഡ്രിങ്കുകളില്‍ ചിലതില്‍ രണ്ട് കപ്പ് കാപ്പിയില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ കഫീന്‍ അടങ്ങിയിട്ടുണ്ട്. രാജ്യത്തെ മിക്ക സൂപ്പര്‍മാര്‍ക്കറ്റുകളും കുട്ടികള്‍ക്ക് എനര്‍ജി ഡ്രിങ്കുകള്‍ വില്‍ക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കുട്ടികളിലെ എനര്‍ജി ഡ്രിങ്ക് ഉപയോഗത്തില്‍ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കുമുള്ള ആശങ്ക പരിഹരിക്കാനും അനാരോഗ്യത്തിന്റെ കൃത്യമായ കാരണം കണ്ടെത്താനുമുള്ള പരിശ്രമത്തിലാണ്. ഇതു സംബന്ധിച്ച് വിദഗ്ധര്‍, പൊതുജനങ്ങള്‍, റീട്ടെയ്ലര്‍മാര്‍, നിര്‍മാതാക്കള്‍ എന്നിവരില്‍ നിന്ന് തെളിവുകള്‍ ശേഖരിക്കാന്‍ 12 ആഴ്ച നീളുന്ന കണ്‍സല്‍റ്റേഷന്‍ നടത്താനാണ് തീരുമാനമെന്നും മന്ത്രി വിശദമാക്കി.
രാജ്യത്തെ നിലവിലെ നിയമ പ്രകാരം ഒരു ലിറ്ററില്‍ 150 മില്ലിഗ്രാമില്‍ കൂടുതല്‍ കഫീന്‍ അടങ്ങിയിട്ടുണ്ടെങ്കില്‍ 'കുട്ടികള്‍ക്ക് പാനീയത്തിന്റെ ഉപയോഗം ഹാനികരം' എന്ന മുന്നറിയിപ്പ് ലേബല്‍ പതിപ്പിക്കണമെന്നാണ് വ്യവസ്ഥ. എനര്‍ജി ഡ്രിങ്കുകള്‍ വലിയ ദോഷകരമല്ലെന്ന് തോന്നുമെങ്കിലും കുട്ടികളുടെ ഉറക്കം, ഏകാഗ്രത, ക്ഷേമം എന്നിവയെ ദോഷകരമായി ബാധിക്കും. ഉയര്‍ന്ന അളവില്‍ മധുരം കഴിക്കുന്നത് പല്ലുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാനും അമിതവണ്ണത്തിന് ഇടയാക്കുകയും ചെയ്യുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.