വിദേശ വിദ്യാര്‍ത്ഥികളെ നിയന്ത്രിക്കാനുള്ള നീക്കങ്ങള്‍ ശക്തിപ്പെടുത്തി യുകെ. ഇതിന്റെ ഭാഗമായി. വിസ കാലാവധി കഴിഞ്ഞ് ബ്രിട്ടനില്‍ തുടരുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്തി നാടുകടത്താന്‍ അധികൃതര്‍ ഒരുങ്ങുകയാണ്. നിയമപരമായി വിദ്യാര്‍ത്ഥി വിസയില്‍ ബ്രിട്ടനിലെത്തി വിസ കാലാവധി കഴിയുന്നതോടെ അഭയത്തിനുള്ള അപേക്ഷ നല്‍കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണിത് പുതിയ തീരുമാനം.
ഇക്കഴിഞ്ഞ ജൂണില്‍ അവസാനിച്ച ഒരു വര്‍ഷത്തില്‍ ലഭിച്ച അഭയത്തിനുള്ള അപേക്ഷകളില്‍ ഏകദേശം 13 ശതമാനത്തോളം അപേക്ഷകള്‍, യു കെയിലേക്ക് സ്റ്റുഡന്റ് വിസയില്‍ എത്തിയവരില്‍ നിന്നായിരുന്നു എന്ന് ഹോം ഡിപ്പാര്‍ട്ട്‌മെന്റിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. അതില്‍ എത്രപേരുടെ വിസ കാലാവധി കഴിഞ്ഞതാണെന്ന് ഹോം ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കിയിട്ടില്ല. എങ്കിലും അപേക്ഷകള്‍ കൂടിവരുന്നുണ്ട്.
നെറ്റ് മൈഗ്രേഷന്‍ കുറയ്ക്കുന്നതിനായി കൂടുതല്‍ ഭേദഗതികളാണ് സര്‍ക്കാര്‍ ധവളപത്രത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതില്‍ പ്രധാനപ്പെട്ട ഒന്ന് ഗ്രാഡ്വേറ്റ് വിസ കാലാവധി രണ്ട് വര്‍ഷം എന്നതില്‍ നിന്നും ഓന്നര വര്‍ഷമായി ചുരുക്കും എന്നതാണ്. അതായത്, പഠനം പൂര്‍ത്തിയാക്കിയ ശേഷം, വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ബ്രിട്ടനില്‍ തൊഴില്‍ ചെയ്യുവാനും അല്ലെങ്കില്‍ തൊഴില്‍ അന്വേഷിക്കുവാനും രണ്ട് വര്‍ഷം സമയം ലഭിച്ചിരുന്നത് ഇനിമുതല്‍ ഒന്നര വര്‍ഷമായി കുറയും. ഇത് വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ബ്രിട്ടനില്‍ തൊഴില്‍ ലഭിക്കാനുള്ള സാധ്യത കുറയും.
വിദേശ വിദ്യാര്‍ത്ഥികളുടെ ഫീസിന് മേല്‍ പുതിയ ലെവി ചുമത്താനും പദ്ധതിയുണ്ട്. ഇത് വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ സാമ്പത്തിക സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും. ഇത് വിദേശ വിദ്യാര്‍ത്ഥികളുടെ ബ്രിട്ടനിലേക്കുള്ള വരവ് മന്ദഗതിയിലാക്കും എന്ന് വിദ്യാഭ്യാസ രംഗത്തെ വിദഗ്ധര്‍ പറയുന്നു. അങ്ങനെ വിദേശ വിദ്യാര്‍ത്ഥികളുടെ വരവിനെ തടയുന്നത് ബ്രിട്ടീഷ് നഗരങ്ങളെ, പ്രത്യേകിച്ചും യൂണിവേഴ്സിറ്റികള്‍ സ്ഥിതിചെയ്യുന്ന നഗരങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും അവര്‍ പറയുന്നു. പ്രാദേശിക സമ്പദ്ഘടനകള്‍ തകരാന്‍ വരെ ഇത് ഇടയാക്കിയേക്കുമെന്ന ആശങ്കയും ചില സാമ്പത്തിക വിദഗ്ധര്‍ പങ്കുവയ്ക്കുന്നുണ്ട്.
ലെസ്റ്റര്‍, പ്ലിമൗത്ത്, ഹള്‍, സ്റ്റോക്ക് ഓണ്‍ ട്രെന്റ് എന്നീ നഗരങ്ങളെ പ്രതികൂലമായി ബാധിക്കും. അവിടങ്ങളിലെ സമ്പദ്ഘടനയെ യൂണിവേഴ്സിറ്റികള്‍ അത്രയധികം സ്വാധീനിക്കുന്നുണ്ട്. അതുപോലെ വിദേശ വിദ്യാര്‍ത്ഥികളുടെ കുറവ് കൂടുതല്‍ യൂണിവേഴ്സിറ്റികളെ സാമ്പത്തിക പ്രതിസന്ധിയിലാകുമെന്നും മുന്നറിയിപ്പുണ്ട്.
ഇമിഗ്രേഷന്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് എതിരായി നടപടി സ്വീകരിക്കുമ്പോള്‍ ഈ യൂണിവേഴ്‌സിറ്റികള്‍ മാത്രമല്ല, ഇവ സ്ഥിതി ചെയ്യുന്ന നഗരങ്ങളും പ്രതിസന്ധി നേരിടുമെന്നാണ് മുന്നറിയിപ്പ്.
പ്രാദേശിക സമ്പദ് വ്യവസ്ഥയെ ഊര്‍ജ്ജിതമാക്കുന്നതില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് സുപ്രധാന പങ്കാണുള്ളത്. ഈ മാസം 3 മില്ല്യണോളം വിദ്യാര്‍ത്ഥികള്‍ യുകെയിലെ വിവിധ യൂണിവേഴ്‌സിറ്റികളിലേക്ക് മടങ്ങിയെത്തും. എന്നാല്‍ നെറ്റ് മൈഗ്രേഷന്‍ കുറയ്ക്കും, വളര്‍ച്ചയും ഒരുമിച്ച് നേടാനുള്ള ശ്രമങ്ങളുമായി ലേബര്‍ മുന്നോട്ട് പോയാല്‍ ഇത് തിരിച്ചടിയായി മാറുമെന്നാണ് സൂചന.