സര്‍ജന്‍ രണ്ടുകാലുകളും മുറിച്ചുമാറ്റി, ഇന്‍ഷുറന്‍സ് കമ്പനികളെ കബളിപ്പിച്ച് 5 കോടി തട്ടി
യുകെയില്‍ സര്‍ജന്‍ തന്റെ രണ്ടുകാലുകളും മുറിച്ചുമാറ്റി. തുടര്‍ന്ന് ഇന്‍ഷുറന്‍സ് കമ്പനികളെ കബളിപ്പിച്ച് ഏകദേശം അഞ്ച് കോടി രൂപ തട്ടിയെടുത്തു. 49കാരനായ സര്‍ജന്‍ നീല്‍ ഹോപ്പറാണ് തന്റെ രണ്ടുകാലുകളും മുറിച്ച് മാറ്റിയത്. ഇയാള്‍ 2013 മുതല്‍ 2023 വരെ റോയല്‍ കോണ്‍വാള്‍ ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റില്‍ ജോലി ചെയ്തിരുന്നു. 2023 ഡിസംബറില്‍ മെഡിക്കല്‍ രജിസ്റ്ററില്‍ നിന്ന് ഇയാളെ സസ്പെന്‍ഡ് ചെയ്തു. വഞ്ചനയ്ക്കും അശ്ലീല ദൃശ്യങ്ങള്‍ കൈവശം വെച്ചതിനും ഇയാളെ ജയിലിലടച്ചു.
തെറ്റായ വിവരങ്ങള്‍ നല്‍കി ഇയാള്‍ ഇന്‍ഷൂറന്‍സ് കമ്പനികളില്‍ നിന്ന് വലിയ തുക തട്ടിയെടുക്കുകയായിരുന്നു.. ഇയാള്‍ക്കെതിരെ രണ്ട് കുറ്റങ്ങളാണ് ചുമത്തിയത്. ഇന്‍ഷുറന്‍സ് കമ്പനികളായ അവീവ, ഓള്‍ഡ് മ്യൂച്വല്‍ ഹെല്‍ത്ത് എന്നിവയ്ക്ക് ഇയാള്‍ തെറ്റായ വിവരങ്ങള്‍ കൈമാറി. സെപ്സിസ്(ശരീരം അഴുകിപ്പോകുന്ന അവസ്ഥ) കാരണമാണ് തന്റെ കാലുകള്‍ മുറിച്ചുമാറ്റിയതെന്ന് ഹോപ്പര്‍ ഇന്‍ഷുറന്‍സ് കമ്പനികളെ വിശ്വസിപ്പിച്ചു.
2019 ഏപ്രിലില്‍ ഡ്രൈ ഐസ് ഉപയോഗിച്ച് കാലുകള്‍ ഹോപ്പര്‍ മരവിപ്പിച്ചതായും പിന്നാലെ ഇത് മുറിച്ചുമാറ്റിയതായും അന്വേഷണത്തില്‍ കണ്ടെത്തി.
നഷ്ടപരിഹാരമായി 466653.81 പൗണ്ട്(ഏകദേശം 4.85 കോടി രൂപ) ലഭിച്ചു. ഒരു ക്യാംബര്‍വാന്‍, ഒരു ഹോട്ട് ടബ്ബ്, ഒരു വുഡ് ബര്‍ണര്‍, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായാണ് ഹോപ്പര്‍ ഈ തുക ചെലവഴിച്ചതെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.
സ്വന്തം ശരീരഭാഗങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള അമിതമായ താത്പര്യവും അതിലൂടെ ലൈംഗികാഭിലാഷം പൂര്‍ത്തിയാക്കുന്നതുമായിരുന്നു ഇയാളുടെ കൃത്യം ചെയ്യാനുള്ള പ്രേരണയെന്ന് കേസ് പരിഗണിച്ച ട്രൂറോ ക്രൗണ്‍ കോടതിയില്‍ പ്രോസിക്യൂട്ടര്‍ നിക്കോളാസ് ലീ പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
അശ്ലീല ചിത്രങ്ങള്‍ കൈവശം വെച്ചതിന് ഇയാള്‍ക്കെതിരേ മൂന്ന് കുറ്റങ്ങള്‍ ചുമത്തി. പുരുഷന്മാര്‍ സ്വമേധയാ ജനനേന്ദ്രിയം നീക്കം ചെയ്യുന്ന യൂണിച്ച് മേക്കര്‍ എന്ന വെബ്സൈറ്റില്‍ നിന്നുള്ള വീഡിയോകളുമായി ബന്ധപ്പെട്ടതാണ് ചിത്രങ്ങള്‍
വെബ്സൈറ്റില്‍ നിന്ന് 1100 രൂപയ്ക്കും 4100 രൂപയ്ക്കും മൂന്ന് വീഡിയോകള്‍ വാങ്ങി. സ്വന്തം കാല് മുറിച്ച് മാറ്റുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി വെബ്സൈറ്റ് നടത്തിയിരുന്ന മാരിയസ് ഗുസ്താവ്സണുമായി ഏകദേശം 1500 സന്ദേശങ്ങള്‍ പങ്കിട്ടതായും ബിബിസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ജഡ്ജി ജെയിംസ് അഡ്കിന്‍ ഹോപ്പറിന് 32 മാസം തടവ് ശിക്ഷ വിധിച്ചു.