ബ്രിട്ടീഷ് രാജകുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന അംഗമായ ഡച്ചസ് ഓഫ് കെന്റ് കാതറിന്‍ പ്രഭ്വി(92) അന്തരിച്ചതായി ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു. വ്യാഴാഴ്ച രാത്രി കെന്‍സിംഗ്ടണ്‍ കൊട്ടാരത്തില്‍ വെച്ചായിരുന്നു അന്ത്യം. മരണ സമയത്തു കുടുംബാംഗങ്ങളൊക്കെ സമീപത്തുണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ദുഃഖാചരണത്തിന്റെ ഭാഗമായി ബക്കിംഗ്ഹാം കൊട്ടാരം ഉള്‍പ്പടെ രാജകുടുംബത്തിന്റെ കൊട്ടാരങ്ങളില്‍ എല്ലാം തന്നെ പതാക പകുതി താഴ്ത്തി കെട്ടിയിരിക്കുകയാണ്. തങ്ങളുടെ കുടുംബത്തിന് ഒരു തീരാ നഷ്ടമാണ് ഈ മരണമെന്ന് വെയ്ല്‍സ് രാജകുമാരന്‍ വില്യമും കെയ്റ്റ് രാജകുമാരിയും പ്രതികരിച്ചു.
അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ ഫസ്റ്റ് കസിനായ ഡ്യൂക്ക് ഓഫ് കെന്റ്, എഡ്വേര്‍ഡ് രാജകുമാരന്റെ പത്‌നിയായ കാതറിന്‍ പ്രഭ്വി ആയിരുന്നു രാജകുടുബത്തില്‍ ഇപ്പോഴുള്ളതില്‍ ഏറ്റവും മുതിര്‍ന്ന അംഗം. വിംബിള്‍ഡണ്‍ ടെന്നിസ് മത്സരങ്ങളില്‍ ട്രോഫികള്‍ നല്‍കിയും പരാജിതരെ ആശ്വസിപ്പിച്ചും സജീവ സാന്നിദ്ധ്യമായിരുന്ന അവര്‍ ജനങ്ങള്‍ക്ക് ഏറെ പരിചിതമായ മുഖമാണ്. ശവസംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാകുന്നതു വരെ രാജകുടുംബം ഔദ്യോഗിക ദുഃഖാചരണം നടത്തും.
ശവസംസ്‌കാര ചടങ്ങിനുള്ള തീയതി നിശ്ചയിച്ചിട്ടില്ല, എന്നാല്‍, പ്രഭ്വിയുടെ വിശ്വാസപ്രകാരം, കത്തോലിക്ക രീതിയിലായിരിക്കും ചടങ്ങുകള്‍ എന്നാണ് സൂചന. രാജകുടുംബത്തിലെ ആരൊക്കെ ചടങ്ങില്‍ പങ്കെടുക്കുമെന്ന് ഇതുവരെയും തീരുമാനിച്ചിട്ടില്ല. അമേരിക്കന്‍ പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനം അടുത്തിരിക്കെ, ആര്‍ക്കൊക്കെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയും എന്നത് വ്യക്തമായിട്ടില്ല. ചില ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഹാരി രാജകുമാരനും അടുത്തയാഴ്ച ബ്രിട്ടനിലെത്തുന്നുണ്ട്.