വാട്ടര്‍ഫോര്‍ഡില്‍ നിന്നും കഴിഞ്ഞ ദിവസം കാണാതായ മലയാളി യുവതിയെ കണ്ടെത്തി. വാട്ടര്‍ഫോര്‍ഡ് കമ്മ്യൂണിറ്റി നടത്തിയ അതിതീവ്ര തിരച്ചിലുകള്‍ക്ക് ശേഷമാണ് ഡബ്ലിനിലെ യൂണിവേഴ്സിറ്റി കോളജ് വിദ്യാര്‍ഥിനിയായ സാന്റാ മേരി തമ്പി(20)യെ കണ്ടെത്തിയത്. യുവതിയുടെ വീടിന് സമീപത്തുള്ള റൗണ്ട് എബൗട്ടിന് സമീപം അവശ നിലയില്‍ ഒരാള്‍ കിടക്കുന്നുണ്ടെന്ന് പോളിഷ് വംശജന്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഗാര്‍ഡയും (പൊലീസ്) തിരച്ചില്‍ സംഘവും ചേര്‍ന്നാണ് യുവതിയെ കണ്ടെത്തിയത്.
ശരീരത്തില്‍ നേരിയ പരുക്കുണ്ട്. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാവിലെ 6.15ന് നടക്കാന്‍ പോയ സാന്റായുടെ പതിവ് സമയം കഴിഞ്ഞിട്ടും തിരികെ വരാത്തതിനെ തുടര്‍ന്നാണ് കുടുംബം നടത്തിയ തിരിച്ചിനിടെ യുവതിയുടെ ഫോണ്‍ വീട്ടിലെ ചെരുപ്പ് സ്റ്റാന്‍ഡില്‍ നിന്നും ലഭിച്ചു. ഇതേ തുടര്‍ന്നാണ് കുടുംബം വിവരം സുഹൃത്തുക്കളെയും ഗാര്‍ഡയെയും അറിയിച്ചത്.
മാധ്യമങ്ങളും കമ്മ്യൂണിറ്റി ഗ്രൂപ്പുകളും സംഭവം വാര്‍ത്തയാക്കിയതോടെ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ തിരച്ചിലിന് പങ്കാളികളായി. കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ റെസ്‌ക്യൂ 117 ടീം ആകാശ നിരീക്ഷണം നടത്തി. പക്ഷേ, തിരച്ചില്‍ ആദ്യഘട്ടത്തില്‍ വിഫലമായിരുന്നു. ഇതിനിടെയാണ് നിര്‍ണായക സന്ദേശം ലഭിക്കുന്നത്.