ശമ്പളവും ഡ്യൂട്ടി വ്യവസ്ഥകളും സംബന്ധിച്ച ആവശ്യങ്ങള്‍ ഉന്നയിച്ച് ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ട് ട്യൂബ് ട്രെയിന്‍ ജീവനക്കാര്‍ അഞ്ച് ദിവസത്തെ പണിമുടക്ക് ആരംഭിച്ചു. റെയില്‍, മാരിടൈം, ട്രാന്‍സ്‌പോര്‍ട്ട് (ആര്‍എംടി) യൂണിയനിലെ അംഗങ്ങള്‍ ശമ്പളത്തിനും ഡ്യൂട്ടിയിലെ അസമത്വങ്ങള്‍ക്കും എതിരെയാണ് പണിമുടക്ക് നടത്തുന്നത്. വേതന വര്‍ധനവിന് പുറമേ ആഴ്ചയില്‍ 32 മണിക്കൂറാക്കി ജോലിസമയം കുറയ്‌ക്കണമെന്നും ജീവനക്കാരുടെ യൂണിയനുകള്‍ ആവശ്യപ്പെടുന്നു.
പണിമുടക്ക് മൂലം കഴിഞ്ഞ ദിവസം വൈകിട്ട് 6 മണി വരെ പരിമിതമായ സര്‍വീസുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. വെള്ളിയാഴ്ച മുതലാകും പണിമുടക്ക് സമയം കഴിഞ്ഞ് ട്യൂബ് ട്രെയിനുകള്‍ പതിവുപോലെ സര്‍വീസുകള്‍ ആരംഭിക്കുക.
ഏതൊക്കെ ലൈനുകളെ എങ്ങനെയൊക്കെയാണ് പണിമുടക്ക് ബാധിക്കപ്പെടുന്നതെന്ന് അറിയാന്‍ ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്‍ (TfL) വെബ്‌സൈറ്റ് പരിശോധിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. യൂണിയനുകളുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ടിഎഫ്എല്‍ അധികൃതര്‍.
ട്യൂബ് സര്‍വീസ് പണിമുടക്കിനെ തുടര്‍ന്ന് പതിനായിരക്കണക്കിന് യാത്രക്കാര്‍ വളരെയധികം ബുദ്ധിമുട്ടുന്നതായി മനസ്സിലാക്കുന്നുവെന്ന് പ്രധാനമന്ത്രിയുടെ ഓഫിസായ നമ്പര്‍ 10 ഡൗണിങ് സ്ട്രീറ്റ് വക്താക്കള്‍ പറഞ്ഞു. പണിമുടക്കുകള്‍ അവസാനിപ്പിക്കാന്‍ തൊഴിലാളി യൂണിയനുകളോടും ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടനോടും ചര്‍ച്ച നടത്തണമെന്നും നമ്പര്‍ 10 ഡൗണിങ് സ്ട്രീറ്റ് ആവശ്യപ്പെട്ടു. പണിമുടക്കിനെ തുടര്‍ന്ന് ലണ്ടന്‍ നഗരത്തില്‍ വിവിധ ഓഫീസ് ജീവനക്കാരില്‍ പലരും ടാക്സികളും ബസ് സര്‍വീസുകളുമാണ് ആശ്രയിക്കുന്നത്.
ലണ്ടന്‍ ട്യൂബ് ലോകത്തിലെ ഏറ്റവും തിരക്കേറിയ പൊതുഗതാഗത സംവിധാനങ്ങളില്‍ ഒന്നാണ്. വര്‍ഷം തോറും ഏകദേശം 1.3 ബില്യണ്‍ യാത്രക്കാര്‍ ആണ് ഈ സേവനത്തിലൂടെ യാത്ര ചെയ്യുന്നത് . വിനോദസഞ്ചാരികള്‍ക്കിടയിലും ഇത് പ്രധാനമായും ആശ്രയിക്കുന്ന ഗതാഗത മാര്‍ഗമാണ്, പ്രത്യേകിച്ച് ബ്രിട്ടീഷ് മ്യൂസിയം, ബക്കിംഗ്ഹാം പാലസ്, ടവര്‍ ഓഫ് ലണ്ടന്‍ പോലുള്ള കേന്ദ്രങ്ങളിലേക്കുള്ള യാത്രകള്‍ക്കായി മിക്കവരും ഉപയോഗിക്കുന്നത് ട്യൂബ് സര്‍വീസിനെയാണ്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ സമരം ലണ്ടന്‍ നിവാസികളെയും ഓഫീസ് ജീവനക്കാരെയും മാത്രമല്ല, ആയിരക്കണക്കിന് ടൂറിസ്റ്റുകളെയും ബുദ്ധിമുട്ടിലാഴ്ത്തിയിരിക്കുകയാണ്.