സംശയാസ്പദമായ ലഗ്ഗേജ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഹീത്രു എയര്‍പോര്‍ട്ട് മണിക്കൂറുകള്‍ അടച്ചിട്ടു. ദുരൂഹമായ രാസവസ്തുക്കള്‍ അടങ്ങിയ ഒരു പാക്കറ്റ് കണ്ടെത്തിയതിനെ തുടര്‍ന്ന് വിമാനത്താവളത്തിന്റെ ടെര്‍മിനലില്‍ നിന്നും യാത്രക്കാരെ ഒഴിപ്പിച്ചു. ഇതിനെ തുടര്‍ന്നുണ്ടായ മാസ്സ് ഹിസ്റ്റീരിയ കാരണം 21 പേര്‍ക്ക് മെഡിക്കല്‍ ചികിത്സ നല്‍കേണ്ടതായും വന്നു.
അപകട സാധ്യതയുള്ള രാസവസ്തു കണ്ടെത്തിയതിനെ തുടര്‍ന്ന് ടെര്‍മിനല്‍ 4 മൂന്ന് മണിക്കൂറുകളോളമാണ് അടച്ചിട്ടത്. തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് ശേഷമായിരുന്നു സംഭവം. അഗ്‌നിശമന സേനാംഗങ്ങളും ആംബുലന്‍സും സ്ഥലത്തെത്തിയിരുന്നു.
ഇരുപത്തിയൊന്ന് പേരെയാണ് വിമാനത്താവളത്തില്‍ വെച്ചു തന്നെ പാരാമെഡിക്സ് പരിശോധിച്ച് ആവശ്യമായ ചികിത്സകള്‍ നല്‍കിയത്. അതില്‍ ഒരാളെ ഹോസ്പിറ്റലിലേക്ക് മാറ്റി. പാക്കറ്റിലെ രാസവസ്തു ചോര്‍ന്നതായും സംശയിക്കുന്നുണ്ട്. അതേസമയം, അപകടകരമായ അസ്തുക്കള്‍ അല്ല കണ്ടെത്തിയതെന്നും വിമാനത്താവളത്തില്‍ ഉണ്ടായത് ഒരു സമൂഹ വിഭ്രാന്തി ( മാസ്സ് ഹിസ്റ്റീരിയ) ആയിരുന്നെന്നും മെട്രോപോളിറ്റന്‍ പോലീസിന്റെ വക്താവ് അറിയിച്ചു. രാത്രി 8 മണിക്ക് ശേഷം ടെര്‍മിനല്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു.