ഇംഗ്ലണ്ടിലെ ആശുപത്രികളെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ റാങ്കിംഗ് നല്‍കുന്ന പട്ടിക പുറത്തുവിട്ടു. ഏറ്റവും മോശം പ്രകടനം കാഴ്ചവെയ്ക്കുന്ന ആശുപത്രികളുടെ പേരെടുത്ത് പറഞ്ഞാണ് പട്ടിക പുറത്തുവന്നിരിക്കുന്നത്. ആശുപത്രികള്‍, ആംബുലന്‍സ് സര്‍വ്വീസുകള്‍, മെന്റല്‍ ഹെല്‍ത്ത് സേവനദാതാക്കള്‍ എന്നിവരെ ആദ്യമായാണ് റാങ്ക് നല്‍കി പരസ്യപ്പെടുത്തുന്നത്. മോശം സേവനം നല്‍കുന്നവരെ രോഗികള്‍ക്കും തിരിച്ചറിയാന്‍ ഇത് വഴിയൊരുക്കും.
പത്തില്‍ എട്ട് എന്‍എച്ച്എസ് ആശുപത്രികളും നിലവാരത്തിനൊത്ത പ്രകടനം കാഴ്ചവെയ്ക്കുന്നതില്‍ പരാജയപ്പെടുന്നതായാണ് കണ്ടെത്തല്‍. പുതിയ സ്‌കോറിംഗ് സിസ്റ്റം പ്രസിദ്ധീകരിച്ച ഗവണ്‍മെന്റ് ഇതുവഴി രോഗികള്‍ക്ക് തങ്ങളുടെ പ്രാദേശിക ആശുപത്രികള്‍ രാജ്യത്തെ മറ്റ് മേഖലകളുമായി താരതമ്യം ചെയ്യുമ്പോള്‍ എത്രത്തോളം മികച്ച പ്രവര്‍ത്തനം നടത്തുന്നുവെന്ന് തിരിച്ചറിയാന്‍ കഴിയും. അതേസമയം റാങ്കിംഗ് പ്രകാരം 134 പ്രധാന ആശുപത്രികളില്‍ കേവലം 27 എണ്ണം മാത്രമാണ് മികച്ച പ്രവര്‍ത്തനത്തിനുള്ള 1, 2 ടിയറുകളില്‍ പെടുന്നത്.
ബാക്കിയുള്ള 107 ആശുപത്രികളും മൂന്ന്, നാല് ടിയറുകളിലാണ്. ഏറ്റവും കൂടുതല്‍ വെല്ലുവിളി നേരിടുകയും, മോശം പരിചരണം നല്‍കുകയും, കണക്കുകള്‍ ബാലന്‍സ് ചെയ്ത് നിര്‍ത്താന്‍ ബുദ്ധിമുട്ടുകയും ചെയ്യുന്നതാണ് ഈ ഭൂരിപക്ഷം ആശുപത്രികളുടെയും സ്ഥിതിയെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.
മറ്റ് ആശുപത്രികള്‍ക്ക് മാതൃകയാകുന്ന പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്ന ടിയര്‍ 1 റാങ്കിംഗില്‍ കേവലം 16 ആശുപത്രികളാണുള്ളത്. റാങ്കിംഗ് പ്രകാരം മിഡ് & സൗത്ത് എസെക്‌സ് ഫൗണ്ടേഷന്‍ ട്രസ്റ്റാണ് ഏറ്റവും മോശം പ്രകടനം കാഴ്ചവെയ്ക്കുള്ള വലിയ ആശുപത്രി. വോര്‍സ്റ്റര്‍ഷയര്‍ അക്യൂട്ട് ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റ് തൊട്ടുപിന്നിലുണ്ട്. ക്യൂന്‍ എലിസബത്ത് ഹോസ്പിറ്റല്‍, കിംഗ്‌സ് ലിന്‍ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ്, കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ഹോസ്പിറ്റല്‍ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് എന്നിവയാണ് മോശം പ്രകടനം നടത്തുന്ന ചെറിയ ആശുപത്രി ട്രസ്റ്റുകള്‍.
കമ്മ്യൂണിറ്റി ഹോസ്പിറ്റലുകളില്‍ ബര്‍മിംഗ്ഹാം കമ്മ്യൂണിറ്റി ഹെല്‍ത്ത്‌കെയര്‍ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് ഏറ്റവും പിന്നില്‍ ഇടം നേടി. അതേസമയം മികച്ച ആശുപത്രികളില്‍ ടോപ്പ് 10 വന്നതും സ്‌പെഷ്യലിസ്റ്റ് ട്രസ്റ്റുകളാണ്. മൂര്‍സ്ഫീല്‍ഡ് ഐ ഹോസ്പിറ്റല്‍ ഒന്നാമതും, റോയല്‍ നാഷണല്‍ ഓര്‍ത്തോപീഡിക് ഹോസ്പിറ്റല്‍ എന്‍എച്ച്എസ് ട്രസ്റ്റ് രണ്ടാമതും, ദി ക്രിസ്റ്റി എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് മൂന്നാമതും എത്തി.
ചില ഭാഗങ്ങളില്‍ മാത്രം മികച്ച പരിചരണം ലഭിക്കുന്നത് അവസാനിപ്പിക്കാനും, സഹായം ആവശ്യമുള്ളവയെ തിരിച്ചറിയാനും ഇത് വഴി കഴിയുമെന്ന് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് അവകാശപ്പെട്ടു. മികച്ച പ്രവര്‍ത്തനം നടത്തുന്ന ആശുപത്രികള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യവും, നിക്ഷേപവും ലഭിക്കുമ്പോള്‍ സ്ഥിരമായി മോശം പ്രകടനം നടത്തുന്ന എന്‍എച്ച്എസ് ട്രസ്റ്റുകളിലെ സീനിയര്‍ മാനേജര്‍മാരുടെ ശമ്പളത്തെ ഇത് ബാധിക്കുമെന്ന് ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞു.
എന്‍എച്ച്എസ് മേധാവികള്‍ നേരിട്ടിറങ്ങി വെല്ലുവിളി നേരിടുന്ന ട്രസ്റ്റുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തേണ്ടി വരും. ഇതിന് ഇവര്‍ക്ക് അധിക വരുമാനവും കിട്ടും.