ഫസ്റ്റ് ക്ലാസ് കാബിനില്‍ യാത്ര ചെയ്യാന്‍ പുതിയ നിബന്ധനകള്‍ കൊണ്ടുവന്നു എമിറേറ്റ്സ്. ആഗസ്റ്റ് 15ന് എട്ടോ അതില്‍ താഴെയോ പ്രായം ഉള്ള കുട്ടികള്‍ക്ക് ഇനി എമിറേറ്റ്‌സിന്റെ ഫസ്റ്റ്ക്ലാസില്‍ പറക്കാന്‍ മൈല്‍സ് ഉപയോഗിച്ച് ബുക്ക് ചെയ്ത ടിക്കറ്റില്‍ കഴിയില്ല. എയര്‍ലൈനില്‍ നിന്നും സുപ്രധാനമായ അറിയിപ്പുകള്‍ ഒന്നും ഇല്ലാതെ തന്നെ ഈ മാസം മുതലാണ് പുതിയ നയം നിലവില്‍ വന്നതെന്ന് വണ്‍ മൈല്‍ അറ്റ് എ ടൈം റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രീമിയം കാബിനുകളിലേക്ക് പ്രവേശനം നിയന്ത്രിക്കാനായി ഈ വര്‍ഷം എമിറേറ്റ്‌സ് എടുത്ത നടപടികളില്‍ ഏറ്റവും പുതിയതാണിത്. ഈ വര്‍ഷം ആദ്യം ഫസ്റ്റ് ക്ലാസ് റിഡെംപ്ഷന്‍ പ്ലാറ്റിനം, ഗോള്‍ഡ് അല്ലെങ്കില്‍ സില്‍വര്‍ സ്റ്റാറ്റസുള്ള സ്‌കൈവാര്‍ഡ് അംഗങ്ങള്‍ക്ക് മാത്രമായി എമിറേറ്റ്‌സ് പരിമിതപ്പെടുത്തിയിരുന്നു. ഇതോടെ ഇടയ്ക്കൊക്കെ മാത്രം യാത്ര ചെയ്യുന്നവര്‍ക്ക് ആഢംബരപൂര്‍ണ്ണമായ യാത്രാനുഭവത്തിന് ടിക്കറ്റ് തുക പൂര്‍ണ്ണമായും നല്‍കേണ്ടതായി വരുന്നു. നടുവിലെ സീറ്റ് ഒഴിവാക്കിക്കൊണ്ട്, ബിസിനസ് ക്ലാസിലെ ക്രമീകരണത്തില്‍ മാറ്റം വരുത്തിയതിന് ശേഷമായിരുന്നു ഇത്.
കൂടാതെ പുതിയ ബോയിംഗ് 777ല്‍ ഫ്‌ലോറില്‍ നിന്നും സീലിംഗ് വരെയുള്ള പ്രൈവസി ഡോറുകളും എമിറേറ്റ്‌സ് വാഗ്ദാനം നല്‍കുന്നുണ്ട്. സെന്റര്‍ സ്യൂട്ടുകള്‍ക്ക് വെര്‍ച്വല്‍ വിന്‍ഡോകളും ഒപ്പം യാത്രാനുഭവം മാറിമറിക്കുന്ന സീറോ ഗ്രാവിറ്റി സീറ്റുകളും ഉണ്ടാകുമെന്ന് വെബ്‌സൈറ്റ് പറയുന്നു. ശാന്തമായ യാത്ര ആഗ്രഹിക്കുന്ന യാത്രക്കാര്‍ കുട്ടികളെ ഫസ്റ്റ് ക്ലാസ് കാബിനില്‍ നിന്നും ഒഴിവാക്കിയ നടപടിയെ സ്വാഗതം ചെയ്തിട്ടുണ്ട്. അതേസമയം, സ്ഥിരമായി എമിറേറ്റ്‌സിന്റെ ബിസിനസ് ക്ലാസിലും ഫസ്റ്റ് ക്ലാസിലും യാത്ര ചെയ്യുന്ന കുടുംബങ്ങള്‍ക്കു ഇത് നിരാശ സമ്മാനിക്കുന്നു.
നിയമത്തിലെ മാറ്റങ്ങള്‍ വിവരിക്കുന്ന ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റിനു താഴെ നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. കുട്ടികളെ ഫസ്റ്റ് ക്ലാസില്‍ അനുവദിച്ചില്ലെങ്കില്‍, എമിരേറ്റ്‌സിന്റെ സേവനം വേണ്ടെന്ന് പറയുന്നവരും ഉണ്ട്.