ആഞ്ചെല റെയ്‌നര്‍ രാജിവെച്ച ലേബര്‍ ഡെപ്യൂട്ടി നേതൃപദവിക്കായുള്ള പോരാട്ടത്തില്‍ മുന്നിലെത്തി പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുടെ ഉറ്റ അനുയായിയായ ബ്രിഡ്‌ജെറ്റ് ഫിലിപ്‌സണ്‍. എഡ്യുക്കേഷന്‍ സെക്രട്ടറി കൂടിയായ ബ്രിഡ്‌ജെറ്റ് പോരാട്ടത്തില്‍ ഏറെ മുന്നേറി. ലേബര്‍ പാര്‍ട്ടിയുടെ നം. 2 ആയി തെരഞ്ഞെടുക്കാന്‍ 116 എംപിമാരുടെ പിന്തുണയാണ് ഫിലിപ്‌സണ്‍ ഉറപ്പാക്കിയത്.
80 പേരുടെ പിന്തുണ വേണമെന്ന നിബന്ധനയാണ് ഇതോടെ ബ്രിഡ്ജറ്റ് ഫിലിപ്‌സണ്‍ അനായാസം കടന്നത്. നേരത്തെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കപ്പെട്ട മുന്‍ ക്യാബിനറ്റ് മന്ത്രി ലൂസി പവല്‍ മാത്രമാണ് ഇവര്‍ക്ക് പിന്നിലുള്ളത്. ഇതിനകം 77 നോമിനേഷനുകള്‍ പവലിന് ലഭിച്ചു. ആവശ്യത്തിന് പിന്തുണ ലഭിച്ച് പവല്‍ അവസാന മത്സരത്തില്‍ ഇടംനേടുമെന്നാണ് കരുതുന്നത്.
ഇടത് സ്ഥാനാര്‍ത്ഥികളായ ബെല്‍ റിബേറോ ആഡി, പോളാ ബാര്‍ക്കര്‍, മുതിര്‍ന്ന എംപി എമിലി തോണ്‍ബെറി എന്നിവര്‍ വിദൂര സാധ്യതയില്‍ മാത്രമാണുള്ളത്. മത്സരത്തില്‍ നിന്നും ആദ്യം പിന്‍വാങ്ങിയത് ഹൗസിംഗ് മന്ത്രി ആലിസണ്‍ മക്ഗവേണാണ്. ഇവരുടെ പിന്തുണയും ഫിലിപ്‌സനാണ്.
മുന്‍ കോമണ്‍സ് നേതാവ് കൂടിയായ പവലിനെ കഴിഞ്ഞ ആഴ്ചയിലെ മന്ത്രിസഭാ പുനഃസംഘടനയിലാണ് സ്റ്റാര്‍മര്‍ പുറത്താക്കിയത്. പാര്‍ട്ടിയെ മൃദു ഇടത് വിഭാഗം അനുകൂലിക്കുന്ന ബാര്‍ക്കര്‍ പിന്‍വാങ്ങിയാല്‍ ഇവരെ അനുകൂലിച്ചവര്‍ പവലിന് പിന്നില്‍ അണിനിരക്കുമെന്നാണ് കരുതുന്നത്. എന്നിരുന്നാലും തനിക്കൊപ്പം നില്‍ക്കുന്ന ഉപനേതാവിനെ തെരഞ്ഞെടുക്കാനാണ് സ്റ്റാര്‍മറുടെ ശ്രമം.