ലണ്ടന്‍: രാജ്യത്തെ തൊഴിലാളി അവകാശ ബില്ലില്‍ സര്‍ക്കാര്‍ നിലപാട് നിര്‍ണ്ണായകം. ബില്ലിനെ ദുര്‍ബലപ്പെടുത്തുന്ന നീക്കമുണ്ടായാല്‍ ശക്തമായി പ്രതിഷേധിക്കുമെന്ന് ബ്രിട്ടനിലെ ഏറ്റവും വലിയ ട്രേഡ് യൂണിയനായ യൂണിസണ്‍ മുന്നറിയിപ്പ് നല്‍കി.
മന്ത്രിസഭയിലെ പ്രമുഖരുടെ മാറ്റം ബില്ലിനെ ബാധിക്കുമോ എന്ന ആശങ്ക യൂണിസണ്‍ ജനറല്‍ സെക്രട്ടറി ക്രിസ്റ്റീന മക്കാന പങ്കുവച്ചു. അന്യായമായി പിരിച്ചുവിടല്‍ ഒഴിവാക്കല്‍, സീറോ അവേഴ്സ് കരാറുകള്‍ നിരോധിക്കല്‍ തുടങ്ങി തൊഴിലാളികള്‍ക്ക് ആശ്വാസകരമായ ബില്ലില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ലെന്ന് ട്രേഡ് യൂണിയന്‍ വ്യക്തമാക്കി.
ബില്ല് വൈകിപ്പിക്കാനോ ദുര്‍ബലപ്പെടുത്താനോ നീക്കമുണ്ടെന്ന സംശയവുമായി യൂണിയന്‍ നേതാക്കള്‍ രംഗത്തുവന്നിരുന്നു. സാമ്പത്തിക സമ്മര്‍ദ്ദം മൂലം നിയമത്തില്‍ നിന്ന് പിന്മാറിയാല്‍ വലിയ പ്രതിഷേധം സര്‍ക്കാര്‍ കാണേണഅടിവരുമെന്ന് യൂണിയനുകള്‍ മുന്നറിയിപ്പ് നല്‍കി. ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസും സര്‍ക്കാര്‍വാഗ്ദാനം പാലിക്കണമെന്ന് ആവശ്യപ്പെട്ടു.
ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് ഗുണകരമാകുന്നതാണ് പുതിയ ബില്‍. മൂന്നുലക്ഷത്തിലേറെ തൊഴിലാളികളുള്‍പ്പെടുന്ന യുഎസ്ഡിഎഡബ്ല്യു യൂണിയനും ഭേദഗതിയുണ്ടാകുമെന്ന ആശങ്ക പങ്കുവച്ചിരുന്നു. പുതിയ ബില്ലു പ്രകാരം ജോലിയില്‍ പ്രവേശിപ്പിച്ച ആദ്യ ദിവസം മുതല്‍ തന്നെ അന്യായ പിരിച്ചുവിടലില്‍ നിന്ന് സംരക്ഷണം ലഭിക്കും. തൊഴിലാളികള്‍ക്ക് വലിയ ഗുണം ചെയ്യുന്ന ബില്ലാണിത്.