ലണ്ടന്‍: ജോലി സമയവും വേതനവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ലണ്ടന്‍ ട്യൂബ് സമരം മൂലം യാത്രാ ദുരിതം കഠിനം. റെയില്‍, മാരിടൈം ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് (ആര്‍ എം ടി) യൂണിയന്റെ നേതൃത്വത്തിലുള്ള പണിമുടക്ക് ലണ്ടന്‍ ഭൂഗര്‍ഭ റെയില്‍വേയെ സ്തംഭിപ്പിച്ചു. ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്‍ നിര്‍ദ്ദേശിച്ച 3.4 ശതമാനം വേതന വര്‍ദ്ധനവ് യൂണിയന്‍ തള്ളിയിരുന്നു. കൂടാതെ പ്രവൃത്തി സമയം ആഴ്ചയില്‍ 35 മണിക്കൂറില്‍ കുറവാക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
ഡോക്ക്ലാന്‍ഡ്‌സ് ലൈറ്റ് റെയില്‍വേ (ഡി എല്‍ ആര്‍) ഈയാഴ്ച രണ്ടാം തവണയും സര്‍വീസുകള്‍ സസ്പെന്‍ഡ് ചെയ്തു. ആര്‍ എം ടി നടത്തുന്ന മറ്റൊരു സമരം കാരണമാണിത്. അതിനിടയില്‍, സമരം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് ആര്‍ എം ടി ജനറല്‍ സെക്രട്ടറി എഡീ ഡെംപ്‌സെ ലണ്ടന്‍ മേയര്‍ സാദിഖ് ഖാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പങ്കുവയ്ക്കുന്നതിന് പകരമായി തങ്ങളെ ചര്‍ച്ചയ്ക്ക് വിളിക്കണം എന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്‍ തയ്യാറാണെന്ന് മേയര്‍ അറിയിച്ചിട്ടുണ്ട്.
അതിനിടെ നിലവില്‍ ഏറ്റവും ഉയര്‍ന്ന ശമ്പളം ലഭിക്കുന്ന ജോലികളില്‍ ഒന്നാണ് ട്യൂബ് ഡ്രൈവര്‍മാരുടേത് എന്നാണ് ട്രാന്‍സ്പോര്‍ട് ഫോര്‍ ലണ്ടന്‍ വ്യക്തമാക്കുന്നത്. സമരം മൂലം ലണ്ടന്‍ സിറ്റിക്ക് 230 മില്യണ്‍ പൗണ്ടിന്റെ നഷ്ടം ഉണ്ടായിട്ടുള്ളതായി സെന്റര്‍ ഫോര്‍ എക്കണോമിക്‌സ് ആന്‍ഡ് ബിസിനസ് റിസേര്‍ച്ച് ചൂണ്ടിക്കാട്ടുന്നു.
ട്യൂബ് സമരത്തില്‍ വീര്‍പ്പുമുട്ടിയ നഗരത്തില്‍ ഏക ആശ്രയം ബസുകള്‍ ആയിരുന്നെങ്കിലും അത് ആവശ്യം ഉള്ളതിന്റെ നൂറില്‍ ഒന്നും പോലും ആവാത്ത നിലയില്‍ ആയിരുന്നു. നടന്നും സൈക്കിളുകള്‍ ആശ്രയിച്ചും ഒക്കെയാണ് പതിനായിരങ്ങള്‍ ജോലി സ്ഥലത്ത് എത്തിയത്.
അനേകമാളുകള്‍ വര്‍ക്ക് ഫ്രം ഹോം സൗകര്യം ഉപയോഗപ്പെടുത്തിയപ്പോള്‍ അടിസ്ഥാന തലങ്ങളില്‍ ജോലി ചെയ്യുന്നവരാണ് ഏറെയും കഷ്ടപ്പെട്ടത്. അതിനിടെ ഈ ആഴ്ച അവസാനം ബസ് ജീവനക്കാര്‍ നടത്താനിരുന്ന സമരം പിന്‍വലിച്ചതായി പ്രധാന യൂണിയനായ യുണൈറ്റഡ് വ്യക്തമാക്കി. വെള്ളി മുതല്‍ ഞായര്‍ വരെയുള്ള ദിവസങ്ങളിലാണ് ബസ് ജീവനക്കാരും എഞ്ചിനീയറിംഗ് സ്റ്റാഫ് അടക്കം ഉള്ളവരും സമരത്തിന് പ്ലാന്‍ ചെയ്തിരുന്നത്.