വിവാദ കുറ്റവാളി ജെഫ്രി എപ്‌സ്റ്റിനു പിന്തുണ നല്‍കിയതിന്റെ പേരില്‍ യുകെയുടെ യു.എസ്. അംബാസഡര്‍ പീറ്റര്‍ മാന്‍ഡല്‍സനെ പുറത്താക്കി . 2008-ല്‍ കുട്ടികളെടയടക്കം ലൈംഗിക കുറ്റങ്ങളില്‍ ശിക്ഷിക്കപ്പെട്ട അമേരിക്കന്‍ ധനകാര്യവിദഗ്ധന്‍ ജെഫ്രി എപ്‌സ്റ്റിനെ പിന്തുണച്ചുകൊണ്ട് മാന്‍ഡല്‍സന്‍ അയച്ചിരുന്ന സ്വകാര്യ ഇമെയിലുകള്‍ പുറത്തുവന്നതാണ് അടിയന്തിര നടപടിക്ക് സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. എപ്‌സ്റ്റിനെ നേരത്തെ മോചിപ്പിക്കാന്‍ ശ്രമിക്കണമെന്നതുള്‍പ്പെടെയുള്ള നിരവധി സന്ദേശങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് പുറത്ത് വന്നിട്ടുണ്ട്. സ്റ്റാര്‍മര്‍ ഇതിനെ അംഗീകരിക്കാനാകാത്തത് എന്ന് വിശേഷിപ്പിക്കുകയും ഉടന്‍ നടപടിയെടുക്കേണ്ടി വന്നതായി വ്യക്തമാക്കുകയും ചെയ്തു.
മാന്‍ഡല്‍സന്‍ എപ്‌സ്റ്റിന്റെ അടുത്ത സുഹൃത്തായിരുന്നുവെന്നത് പൊതുവായ വിവരമായിരുന്നെങ്കിലും, ശിക്ഷയ്ക്ക് ശേഷവും ബന്ധം തുടര്‍ന്നതാണ് അദ്ദേഹത്തിന് വിനയായത് . കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും ചില ലേബര്‍ എംപിമാരും നിയമന സമയത്ത് ആവശ്യമായ ജാഗ്രത പുലര്‍ത്തിയില്ലെന്നും എല്ലാ പരിശോധനാ രേഖകളും പുറത്തുവിടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തെ നിയമിച്ചതുതന്നെ തെറ്റായിരുന്നു എന്ന അഭിപ്രായം ചിലര്‍ തുറന്നുപറഞ്ഞു. സര്‍ക്കാര്‍ പാര്‍ലമെന്റില്‍ നേരിട്ട് വിശദീകരണം നല്‍കണമെന്ന് ലിബറല്‍ ഡെമോക്രാറ്റ് നേതാവ് എഡ് ഡേവി ആവശ്യപ്പെട്ടു.
വാഷിങ്ടണില്‍ അംബാസഡറായി സേവനം ചെയ്ത കാലത്ത് മാന്‍ഡല്‍സന്‍ അമേരിക്കന്‍ സര്‍ക്കാരുമായി, പ്രത്യേകിച്ച് ട്രംപ് ഭരണകൂടവുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്നു . എന്നാല്‍ പുതിയ വെളിപ്പെടുത്തലുകള്‍ സര്‍ക്കാരിന് വലിയ അപമാനമായിരിക്കുകയാണ്. അടുത്ത ആഴ്ച യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ബ്രിട്ടന്‍ സന്ദര്‍ശനം നടക്കാനിരിക്കെ ഈ വിവാദം സര്‍ക്കാരിന് സൃഷ്ടിച്ചത് വന്‍ പ്രതിസന്ധിയാണ് .
നിലവില്‍ അംബാസഡറിന്റെ ചുമതല ബ്രിട്ടീഷ് ഡിപ്ലോമാറ്റ് ജെയിംസ് റോസ്‌കോക്കിന് കൈമാറിയിട്ടുണ്ട്. സന്ദര്‍ശനം മുന്‍കൂട്ടി നിശ്ചയിച്ചതുപോലെ തന്നെ നടക്കുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചെങ്കിലും, മാന്‍ഡല്‍സന്റെ പുറത്താക്കല്‍ ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ വലിയ കോളിളക്കങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.