ബജറ്റിനായി ഒരുങ്ങുന്ന ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന് കനത്ത ആഘാതമായി യുകെ സമ്പദ് വ്യവസ്ഥ പൂര്‍ണ്ണമായി സ്തംഭനാവസ്ഥയില്‍ എത്തിയെന്ന് വ്യക്തമാക്കി ജിഡിപി കണക്കുകള്‍. ജൂലൈ മാസത്തില്‍ സംപൂജ്യത്തിലാണ് വളര്‍ച്ച. സമ്മറിന്റെ മൂര്‍ദ്ധന്യത്തിലും രാജ്യത്തിന്റെ ഗ്രോസ് ഡൊമസ്റ്റിക് പ്രൊഡക്ട് വളര്‍ച്ച കൈവരിച്ചില്ലെന്നാണ് ഏറ്റവും പുതിയ ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്.
2025 ജൂണില്‍ 0.4% വളര്‍ച്ച നേടിയ ശേഷമാണ് ഈ തിരിച്ചിറക്കം. നിര്‍മ്മാണ മേഖലയില്‍ 1.3 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. 2024 ജൂലൈയ്ക്ക് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ്.
ഇത് സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയെ സാരമായി ബാധിക്കുയാണ് ചെയ്തത്. അതേസമം സര്‍വ്വീസ് മേഖല 0.1% വളര്‍ച്ച നേടി. കണ്‍സ്ട്രക്ഷന്‍ 0.2 ശതമാനവും വളര്‍ന്നു.
വളര്‍ച്ചയും, തളര്‍ച്ചയുമില്ലാതെ സ്തംഭിച്ച് നില്‍ക്കുന്ന സമ്പദ് വ്യവസ്ഥ ലേബര്‍ ഗവണ്‍മെന്റിനും, ചാന്‍സലര്‍ക്കും മുന്നിലുള്ള ചോദ്യചിഹ്നമാണ്. അടുത്ത ആഴ്ച വരുമാന, പണപ്പെരുപ്പ കണക്കുകളും പുറത്തുവരും.
അടുത്ത വ്യാഴാഴ്ച ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മോണിറ്ററി പോളിസി കമ്മിറ്റി യോഗം ചേരുന്നതിനാല്‍ ഈ കണക്കുകള്‍ നിര്‍ണ്ണായകമാകും. ലേബര്‍ ഗവണ്‍മെന്റ് കണക്കുകള്‍ സന്തുലിതമാക്കി നിര്‍ത്തുന്നതില്‍ പരാജയമാകുന്നുവെന്ന് ആക്ഷേപമുണ്ട്. ഗവണ്‍മെന്റിന് ഇനിയും ടാക്‌സ് ചുമത്തി മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് ബിസിനസ്സ് മേധാവികള്‍ മുന്നറിയിപ്പ് നല്‍കി. ജിഡിപി നിരക്ക് വ്യക്തമായെങ്കിലും ചാന്‍സലര്‍ ഇതേക്കുറിച്ച് ഒന്നുംമിണ്ടിയില്ല.
കഴിഞ്ഞ മാസം വരെ 0.4 ശതമാനം വളര്‍ച്ചയെങ്കിലും നേടിയതിന്റെ ബലത്തില്‍ പിടിച്ചു നിന്ന റേച്ചല്‍ റീവ്‌സിനു ജിഡിപി പൂജ്യത്തില്‍ എത്തിയതോടെ തിരിച്ചടിയായി.