വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സില്‍ സിഖ് വംശജയായ കൗമാരക്കാരിക്ക് നേരെ അരങ്ങേറിയ ബലാത്സംഗം വംശീയമായ അതിക്രമം ആയിരുന്നുവെന്ന് വെളിപ്പെടുത്തി പോലീസ്. വിവരം പുറത്തുവന്നതോടെ ആശങ്കയിലായ ആളുകള്‍ സിഖ് ക്ഷേത്രത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
20-കളിനോടടുത്ത് പ്രായമുള്ള ബ്രിട്ടനില്‍ ജനിച്ച സിഖ് പെണ്‍കുട്ടിയാണ് ഇരയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഓള്‍ഡ്ബറിയില്‍ അതിക്രമം അരങ്ങേറുമ്പോള്‍ വംശീയമായ പരാമര്‍ശങ്ങള്‍ നേരിട്ടതായി പെണ്‍കുട്ടി പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. ചൊവ്വാഴ്ച രാവിലെ 8.30ഓടെയാണ് വിവരം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
'നിങ്ങള്‍ക്ക് ഈ രാജ്യത്ത് സ്ഥാനമില്ല, ഇവിടെ നിന്നും പുറത്തുപോകാന്‍' അക്രമികള്‍ പെണ്‍കുട്ടിയോട് പറഞ്ഞതായി സിഖ് ഫെഡറേഷന്‍ യുകെ വെളിപ്പെടുത്തി. സമൂഹത്തില്‍ ആശങ്ക ഉയര്‍ന്നതോടെയാണ് സ്‌മെത്ത്‌വിക്കിലെ ഗുരു നാനാക് ഗുരുദ്വാര ടെമ്പിളില്‍ യോഗം സംഘടിപ്പിച്ചത്. കുടിയേറ്റക്കാര്‍ക്ക് എതിരായ വിദ്വേഷ പ്രചരണത്തിന്റെ പശ്ചാത്തലത്തില്‍ ഈ വിഷയം ആശങ്കയുളവാക്കുന്നതായി സിഖ് ഫെഡറേഷന്‍ യുകെ പ്രിന്‍സിപ്പല്‍ അഡൈ്വസര്‍ ജാസ് സിംഗ് പറഞ്ഞു.
സ്‌മെത്ത്‌വിക്കിലെ ഹോളി ട്രിനിറ്റി ചര്‍ച്ചില്‍ നിന്നും റവ. നിക്ക് റോസും അടിയന്തര യോഗത്തില്‍ പങ്കെടുത്തു. സിഖ് ക്ഷേത്രത്തിന്റെ പുറത്ത് എഴുതിയ അപമാനിക്കുന്ന ഗ്രാഫിറ്റിയെ കുറിച്ചും. ആംഗ്ലിക്കന്‍ ചര്‍ച്ച് വൃത്തികേടാക്കുന്നതും സംബന്ധിച്ച് അദ്ദേഹം സംസാരിച്ചു.
'ഇത് അവഗണിച്ചിട്ട് കാര്യമില്ല. ഇത് തുടരും, വര്‍ദ്ധിക്കുകയും ചെയ്യും. കൂടുതല്‍ സംഭവങ്ങള്‍ ഉണ്ടാകാനാണ് സാധ്യത', രാജ്യത്തെ വംശീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ റവ. നിക്ക് റോസ് മുന്നറിയിപ്പ് നല്‍കി.