ലണ്ടന്‍ നഗരത്തെ സ്തംഭിപ്പിച്ചു വന്‍ കുടിയേറ്റ വിരുദ്ധ പ്രതിഷേധം; 26 പൊലീസുകാര്‍ക്ക് പരിക്ക്
ലണ്ടന്‍ നഗരത്തെ സ്തംഭിപ്പിച്ചു പതിനായിരങ്ങള്‍ പങ്കെടുത്ത കുടിയേറ്റ വിരുദ്ധ റാലി. രാജ്യത്തെ തീവ്ര വലതുപക്ഷ വാദിയായ ടോമി റോബിന്‍സണിന്റെ നേതൃത്വത്തില്‍ ചെറു സംഘങ്ങളായി എത്തിയ ഒരു ലക്ഷത്തില്‍പരം ജനങ്ങളാണ് ലണ്ടന്‍ നഗരത്തില്‍ പ്രതിഷേധിച്ചത്. ഇവര്‍ക്കെതിരെ നഗരത്തില്‍ പലയിടത്തായി അണിനിരന്നവരുമായി സംഘര്‍ഷമുണ്ടാകുന്നത് തടയാന്‍ ശ്രമിച്ച പൊലീസുകാര്‍ ക്രൂര മര്‍ദനത്തിന് ഇരയായി. ആയിരത്തോളം പൊലീസുകാരാണ് റാലിയെ നിയന്ത്രിക്കാന്‍ ഉണ്ടായിരുന്നതെന്നാണ് വിവരം.
പ്രതിഷേധക്കാരുടെ മര്‍ദനത്തില്‍ 26 പൊലീസുകാര്‍ക്ക് പരിക്കേറ്റു. നാല് പേരുടെ നില ഗുരുതരമാണ്. പല്ല് പൊട്ടിയവരും മൂക്കിന്റെ പാലം തകര്‍ന്നവരും നട്ടെല്ലിന് പരിക്കേറ്റവരുമുണ്ട്. 25 ഓളം പ്രതിഷേധക്കാരെ വിവിധ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതീക്ഷിച്ചതിലേറെ ജനമെത്തിയത് പ്രതിഷേധവുമായി ബന്ധപ്പെട്ട് പൊലീസിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുവെന്നാണ് വിവരം. ഫാസിസ്റ്റ് വിരുദ്ധവാദികളും വംശീയ വിരുദ്ധവാദികളും മറുപക്ഷത്ത് അണിനിരന്നതോടെയാണ് പലയിടത്തും കാര്യങ്ങള്‍ സംഘര്‍ഷത്തിലേക്ക് പോയത്.
സ്റ്റീഫന്‍ യാക്സ്ലി-ലെനന്‍ എന്നാണ് ടോമി റോബിന്‍സണിന്റെ യഥാര്‍ത്ഥ പേര്. തീവ്ര ദേശീയവാദിയും ഇസ്ലാം വിരുദ്ധനുമാണ് ഇയാള്‍. ബ്രിട്ടനില്‍ ഏറ്റവും സ്വാധീനമുള്ള തീവ്ര വലത് പാര്‍ട്ടി ഇംഗ്ലീഷ് ഡിഫന്‍സ് ലീഗിന്റെ സ്ഥാപക നേതാവുമാണ് ഇയാള്‍. ബ്രിട്ടന്‍ മുന്‍ കോളനികളാല്‍ കോളനിവത്കരിക്കപ്പെടുന്നുവെന്നാണ് ഇവരുടെ വിമര്‍ശനം. ലേബര്‍ പാര്‍ട്ടിയുടെ നേതാവും യുകെ പ്രധാനമന്ത്രിയുമായ കീര്‍ സ്റ്റാര്‍മറിനെതിരെ കടുത്ത വിമര്‍ശനവും അസഭ്യവര്‍ഷവും നടത്തിയാണ് പ്രതിഷേധക്കാര്‍ മുന്നോട്ട് പോയത്. അമേരിക്കയില്‍ കൊല്ലപ്പെട്ട ചാര്‍ലി കിര്‍ക്കിന് പ്രതിഷേധക്കാര്‍ ആദരമര്‍പ്പിച്ചു.