അധികാരത്തിലെത്തി ഒരുവര്‍ഷം പിന്നിടുമ്പോള്‍ ജനങ്ങളുടെയും സ്വന്തം എംപിമാരുടെ വരെ അതൃപ്‍തിക്കു പാത്രമായിരിക്കുകയാണ് കീര്‍ സ്റ്റാര്‍മാര്‍. ഏകപക്ഷീയ വിജയം കരസ്ഥമാക്കി ഒരു വര്‍ഷം പിന്നിടുമ്പോഴാണ് സ്റ്റാര്‍മറുടെ കസേരക്ക് ഇളക്കം തട്ടുന്നത്. ഇദ്ദേഹത്തെ അട്ടിമറിക്കാന്‍ വിമത എംപിമാര്‍ ശക്തമായ നീക്കം നടത്തുന്നുവെന്ന് സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മാഞ്ചസ്റ്റര്‍ മേയര്‍ ആന്‍ഡി ബേണ്‍ഹാമിനെ മുന്‍നിര്‍ത്തിയാണ് വിമതരുടെ നീക്കം. ഇദ്ദേഹത്തെ മേയര്‍ പദവി രാജിവെപ്പിച്ച ശേഷം ഏതെങ്കിലും വിമത എംപി സ്ഥാനം ഒഴിഞ്ഞുകൊടുത്ത ശേഷം മത്സരിപ്പിച്ച് വിജയിപ്പിച്ച് സ്റ്റാര്‍മര്‍ക്ക് വെല്ലുവിളി ഉയര്‍ത്താനാണ് നീക്കമെന്നാണ് സൂചന.
സസ്‌പെന്‍ഷന്‍ നേരിടുന്ന ലേബര്‍ എംപി ആന്‍ഡ്രൂ ഗൈ്വന്‍ തന്റെ ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ ഒഴിഞ്ഞുകൊടുക്കണമെന്നാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്. ഈ സീറ്റില്‍ ബേണ്‍ഹാം മത്സരിച്ച് വെസ്റ്റ്മിന്‍സ്റ്ററിലേക്ക് മടങ്ങിയെത്തുകയും, നിയന്ത്രണം പിടിച്ചെടുക്കുകയും ചെയ്യുമെന്നാണ് കരുതുന്നത്.
വിജയിച്ച് പാര്‍ലമെന്റില്‍ എത്തിയാല്‍ ബേണ്‍ഹാമിന് ലേബര്‍ നേതൃപദവിക്കും, പിന്നാലെ യുകെ പ്രധാനമന്ത്രി പദവും ആവശ്യപ്പെട്ട് സമ്മര്‍ദം ചെലുത്താം. നിലവിലെ ലേബറിന്റെ ശോചനീയാവസ്ഥയും, റിഫോം യുകെയുടെ മുന്നേറ്റവും തടയാന്‍ ബേണ്‍ഹാമിനെ പോലെ മറ്റൊരു ആളില്ലെന്നാണ് എംപിമാരുടെ നിലപാട്.
മാഞ്ചസ്റ്റര്‍ കേന്ദ്രീകരിച്ച നിരവധി എംപിമാര്‍ക്കാണ് മന്ത്രിസഭാ പുനഃസംഘടനയില്‍ രോഷമുള്ളത്. ഇവരാണ് സ്റ്റാര്‍മര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നത്. ഉപപ്രധാനമന്ത്രിയെ ഉള്‍പ്പെടെ നഷ്ടമായ സ്റ്റാര്‍മര്‍ക്ക് സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ചയും തിരിച്ചടിയായി.