ഓപ്പറേഷന്‍ തിയറ്ററില്‍ വച്ച് സഹപ്രവര്‍ത്തകയെ കടന്നുപിടിച്ച ഇന്ത്യന്‍ ഹൃദ്രോഗവിദഗ്ധന്റെ ശിക്ഷാവിധി ഇന്ന്
വനിതാ സ്റ്റാഫ് അംഗങ്ങളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഇന്ത്യന്‍ വംശജനായ ഹൃദ്രോഗവിദഗ്ധന്‍ അമല്‍ ബോസിലി(55)ന് ഇന്ന് ശിക്ഷ വിധിക്കും. ലങ്കാഷെയറിലെ ബ്ലാക്ക്പൂള്‍ വിക്ടോറിയ ആശുപത്രിയില്‍ ജോലി ചെയ്യുന്ന അഞ്ച് വനിതാ സ്റ്റാഫ് അംഗങ്ങളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ശിക്ഷാവിധി കാത്തിരിക്കുന്നതിനിടെ ഡോക്ടര്‍ക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വന്നിരുന്നു.
ഡോക്ടറില്‍ നിന്ന് സഹപ്രവര്‍ത്തകര്‍ ഏറ്റത് കടുത്ത ലൈംഗിക പീഡനങ്ങളെന്ന് റിപ്പോര്‍ട്ട് പറയുന്നു. നിരന്തരമായി ഡോക്ടര്‍ സഹപ്രവര്‍ത്തകരായ സ്ത്രീകളെ കടന്നുപിടിക്കാറുണ്ടായിരുന്നുവെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്.
ലൈംഗികമായി അധിക്ഷേപിക്കുന്ന കമന്റുകളും ഡോക്ടര്‍ നടത്തിയിരുന്നതായി പറയുന്നു. വകുപ്പിലെ അമല്‍ ബോസിന്റെ സീനിയോറിറ്റി കാരണം പെരുമാറ്റത്തെ ചോദ്യം ചെയ്യാന്‍ ആളുകള്‍ മടിച്ചിരുന്നു. ആരെങ്കിലും എന്തെങ്കിലും കണ്ടാല്‍ അവര്‍ തുറന്ന് പറയാന്‍ തയ്യാറാകാത്തതിനാല്‍ ഈ പെരുമാറ്റം തുടരുന്നതിന് ഡോക്ടറെ സഹായിച്ചു.
ചെറുപ്പക്കാരികളായ സ്ത്രീകളെ മനഃപൂര്‍വം ലക്ഷ്യമിട്ടാണ് ഡോക്ടര്‍ പെരുമാറിയിരുന്നതെന്ന് പ്രോസിക്യൂട്ടര്‍ ഹ്യൂ എഡ്വേര്‍ഡ്സ് പ്രസ്റ്റണ്‍ ക്രൗണ്‍ കോടതിയില്‍ വ്യക്തമാക്കി. ശസ്ത്രക്രിയയ്ക്ക് ഡോക്ടറെ സഹായിക്കുന്ന ആരോഗ്യപ്രവര്‍ത്തകയെ ഓപ്പറേഷന്‍ തിയറ്ററില്‍ വച്ച് അമല്‍ ബോസ് കയറിപിടിച്ചതായി പരാതിയുണ്ട്. അമല്‍ ബോസിന്റെ ഈ പെരുമാറ്റം അറിയപ്പെടുന്ന കാര്യമാണെന്നും പുതിയ ജീവനക്കാര്‍ക്ക് അദ്ദേഹത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ഒരു അതിജീവിത പറഞ്ഞു.