യു.കെ.വാര്‍ത്തകള്‍

സ്നേഹമുള്ള മാലാഖയായി അയല്‍ക്കാരിയെ ശുശ്രൂഷിച്ച മലയാളി നഴ്‌സിന് ബിബിസി അവാര്‍ഡിന് നോമിനേഷന്‍

'നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക' എന്ന ബൈബിള്‍ വചനം അന്വര്‍ത്ഥമാക്കിയ' മലയാളി നഴ്‌സിന് ബിബിസി അവാര്‍ഡിന് നോമിനേഷന്‍. യുകെയില്‍ ഇംഗ്ലിഷുകാരിയായ അയല്‍ക്കാരിയെ ആപത്തില്‍ സഹായിച്ച മലയാളി നഴ്സ് അഞ്ജു രാജുവിന് ആണ് ബിബിസി അവാര്‍ഡിന് നോമിനേഷന്‍ ലഭിച്ചത്.
ബിബിസിയുടെ 'മേക്ക് എ ഡിഫറന്‍സ് അവാര്‍ഡിന് 'ഗുഡ് നൈബര്‍' കാറ്റഗറിയില്‍ ഇതാദ്യമായാണ് ഒരു മലയാളി നാമനിര്‍ദ്ദേശ പട്ടികയില്‍ ഉള്‍പ്പെടുന്നത്.

നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ബെല്‍ഫാസ്റ്റിലാണ് അഞ്ജുവും അയല്‍ക്കാരിയായ ബ്രിട്ടിഷ് വനിത ഗില്ലിയന്‍ ഗ്രഹാമും താമസിക്കുന്നത്. വര്‍ഷങ്ങളായി ഒരുമതിലിന് അപ്പുറവും ഇപ്പുറവും താമസിച്ചു വരുന്നു. പക്ഷെ പരസ്പരം കൂടുതല്‍ അറിയും മുന്‍പ് നേരിട്ട് കണ്ടിട്ടുള്ളത് ഒരേയൊരു തവണമാത്രം. പരസ്‌പരം ഒന്ന് മിണ്ടിയിട്ട് പോലുമില്ല. എന്നിട്ടും ഗില്ലിയന്‍ ഗ്രഹാം എന്ന വനിതയ്ക്ക് ജീവിതത്തിലെ ഏറ്റവും വലിയ ആവശ്യഘട്ടത്തില്‍ എല്ലാ പരിചരണങ്ങളും നല്‍കി, യഥാര്‍ഥ അയല്‍ക്കാരിയായി മാറുകയായിരുന്നു നഴ്‌സായ അഞ്ജു രാജു.

ഗില്ലിയന്‍ ഗ്രഹാമും അഞ്ജു രാജുവും മൂന്ന് വര്‍ഷമായി ഒരേ ഭവന സമുച്ചയത്തിലാണ് താമസിക്കുന്നത്. എന്നാല്‍ കഴിഞ്ഞവര്‍ഷം ബാധിച്ച അസുഖം ഗില്ലിയന്റെ ജീവിതം തന്നെ മാറ്റിമറിച്ചു. അസുഖത്തെ തുടര്‍ന്ന് കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലായി ഗില്ലിയന്‍. അസുഖ ബാധിതയും വയോധികയുമായ അമ്മയെ പരിചരിക്കാന്‍ പോലും കഴിയാതിരുന്ന ദാരുണാവസ്ഥ. അവിവാഹിതയായ ഗില്ലിയന്‍ അസുഖബാധിതയായി കിടക്കയിലായപ്പോള്‍ സഹായിക്കാന്‍ ആരുമില്ലാത്ത അവസ്ഥയുമായി.

അപ്പോഴാണ് സ്നേഹമുള്ള മാലാഖയായി അയല്‍ക്കാരിയായ അഞ്ജു രാജു എത്തിയത്. ഗില്ലിയന്റെ അവസ്ഥകള്‍ മനസിലാക്കിയ അഞ്ജു, ഗില്ലിയനെ ശുശ്രൂഷിക്കുക മാത്രമല്ല അവര്‍ ചെയ്യാറുള്ള എല്ലാക്കാര്യങ്ങളും ഏറ്റെടുത്ത് ചെയ്യാമെന്ന് പറഞ്ഞു. ആശുപത്രിയില്‍ ആണെന്ന് അഞ്ജു അറിഞ്ഞയുടനെ തന്റെ അടുത്തെത്തി എന്തെങ്കിലും സഹായം ആവശ്യമുണ്ടോ എന്ന് ചോദിച്ചതായും തുടര്‍ന്ന് അവള്‍ അടുത്തുണ്ടായിരുന്നത് ഒരു ആശ്വാസമായിരുന്നുവെന്നും ഗില്ലിയന്‍ പറഞ്ഞു.

ഒരിക്കല്‍ മാത്രം കണ്ടിട്ടുള്ള അയല്‍ക്കാരിയില്‍ നിന്ന് ലഭിച്ച സഹായം അവരുടെ ഹൃദയത്തില്‍ ആഴത്തില്‍ സ്പര്‍ശിച്ചു. അസുഖത്തെ തുടര്‍ന്ന് ഗില്ലിയന്‍ ഗ്രഹാമിന് ആറ് മാസത്തേക്ക് വാഹനമോടിക്കാന്‍ കഴിഞ്ഞിരുന്നില്ല. ആ സമയത്ത് തനിക്ക്‌ ആവശ്യത്തിന് ഭക്ഷണം ഉണ്ടെന്ന് അഞ്ജു ഉറപ്പുവരുത്തിയിരുന്നുവെന്നും ഷോപ്പിങ് നടത്താന്‍ സഹായിച്ചുവെന്നും ആവശ്യമുണ്ടെങ്കില്‍ കഴിയുമ്പോഴെല്ലാം തന്നെ വീല്‍ചെയറിലിരുത്തി തന്റെ അമ്മയുടെ അടുത്തേക്ക് കൊണ്ടുപോയിരുന്നുവെന്നും ഗില്ലിയന്‍ പറഞ്ഞു.

ആ കാലത്തെക്കുറിച്ച് ഇപ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍, അവളില്ലായിരുന്നെങ്കില്‍ എങ്ങനെ കഴിയുമായിരുന്നുവെന്ന് തനിക്കറിയില്ലെന്നും വീണ്ടും ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ പോലും കഴിയുമായിരുന്നില്ലെന്നും ഗില്ലിയന്‍ പറഞ്ഞു.

അഞ്ജു എനിക്ക് ഒരു മാലാഖയെപ്പോലെയായിരുന്നു’ എന്നാണ് അവാര്‍ഡിനായി നോമിനേറ്റ് ചെയ്യുമ്പോള്‍ ഗില്ലിയള്‍ ഗ്രഹാമിന്റെ പ്രതികരണം. ഗില്ലിയന്‍ ജീവിതത്തില്‍ ഒരിക്കലും കഴിച്ചിട്ടില്ലാത്ത വ്യത്യസ്തതരം ഇന്ത്യന്‍ ഭക്ഷണങ്ങള്‍ അഞ്ജു അവള്‍ക്കായി ഒരുക്കി നല്‍കിയിരുന്നു. കേരളത്തിലെ നാടന്‍ കറികളും രുചികരമായ ഭക്ഷ്യവിഭവങ്ങളും തന്റെ നാവും മനസ്സും ഒരേപോലെ കീഴടക്കിയെന്നും തങ്ങള്‍ ഇപ്പോള്‍ വെറും അയല്‍ക്കാര്‍ മാത്രമല്ലെന്നും ഏറ്റവും നല്ല സുഹൃത്തുക്കളാണെന്നും ഗില്ലിയന്‍ പറഞ്ഞു.

'ഇത് യഥാര്‍ത്ഥത്തില്‍ എന്റെ കഥയല്ല, പരസ്പരം സഹായിക്കുന്ന രണ്ട് അയല്‍ക്കാരുടെ കഥയാണ്’ എന്നായിരുന്നു അവാര്‍ഡിന് നോമിനേറ്റ് ചെയ്യപ്പെട്ടതിനെ കുറിച്ചുള്ള അഞ്ജു രാജുവിന്റെ പ്രതികരണം. അവാര്‍ഡിന് നോമിനേറ്റ് ചെയ്യപ്പെട്ടതില്‍ വളരെ ഭാഗ്യവതിയായി തോന്നുന്നുവെന്നും ഒരു നഴ്‌സാണെന്നതില്‍ അഭിമാനിക്കുന്നുവെന്നും ഒരു ഹോസ്പിറ്റല്‍ ഷിഫ്റ്റിന്റെ അവസാനം നഴ്‌സിന്റെ പരിചരണവും ഉത്തരവാദിത്വവും അവസാനിക്കുന്നില്ല എന്നതില്‍ വിശ്വസിക്കുന്നുവെന്നും അഞ്ജു രാജു പറഞ്ഞു.

ഈസ്റ്റ്‌ ബെല്‍ഫാസ്റ്റിലെ സൗത്ത് ഈസ്റ്റേണ്‍ എന്‍എച്ച്എസ് ട്രസ്റ്റിന്റെ കീഴിലുള്ള അള്‍സ്റ്റര്‍ ഹോസ്പിറ്റലില്‍ ആണ് 2022 ല്‍ യുകെയില്‍ എത്തിയ അഞ്ജു ജോലി ചെയ്യുന്നത്. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിനിയാണ്. പത്തനംതിട്ട തിരുവല്ല സ്വദേശിയായ തോമസ് റെജി ആണ് ഭര്‍ത്താവ്. പ്രൈമറി 4 വിദ്യാര്‍ഥിയായ ഇഷാന്‍ തോമസ് റെജി ആണ് മകന്‍. സെപ്റ്റംബര്‍ 26 നാണ് അന്തിമ ഫലം പുറത്തു വരിക.

കടപ്പാട്-മനോരമ

  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  • ജനരോഷം ഭയന്ന് ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കാന്‍ ലേബര്‍ സര്‍ക്കാര്‍
  • മലയാളി നഴ്‌സിനെ വംശീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത ഹോം മാനേജരെ പുറത്താക്കി എന്‍എംസി
  • ഡോക്ടര്‍മാരുടെ സമരം പൊളിയുന്നു; നാലില്‍ മൂന്ന് പേരും ജോലിക്കായി എത്തി
  • വീടുവില അടുത്ത വര്‍ഷവും ഉയരുമെന്ന് പ്രവചനം; പ്രതീക്ഷിക്കുന്നത് നാല് ശതമാനം വരെ വര്‍ധന
  • എന്‍എച്ച്എസ് ദന്തചികിത്സയില്‍ അടിമുടിമാറ്റം; ഇനി അടിയന്തര ചികിത്സയ്ക്ക് മുന്‍ഗണന
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions