ലണ്ടന്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മൂന്ന് ദിവസത്തെ യുകെ സന്ദര്‍ശനം ആരംഭിച്ചു. ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ അതിഥിയായി ട്രംപ് ബ്രിട്ടനിലെത്തിയത് അദ്ദേഹത്തിന്റെ രണ്ടാമത്തെ ഔദ്യോഗിക സന്ദര്‍ശനമാണ്. 2019ലായിരുന്നു ആദ്യ സന്ദര്‍ശനം.
ട്രംപ് ഭാര്യ മെലാനിയയോടൊപ്പം എയര്‍ഫോഴ്സ് വണ്‍ വിമാനത്തില്‍ ലണ്ടന്‍ സ്റ്റാന്‍സ്റ്റഡ് വിമാനത്താവളത്തില്‍ ഇറങ്ങി. പിന്നീട് ഹെലികോപ്റ്റര്‍ വഴി യുഎസ് അംബാസിഡറുടെ വസതിയായ വിന്‍ഫീല്‍ഡ് ഹൗസിലേക്ക് യാത്ര ചെയ്തു. ഇന്ന് മുതല്‍ വിന്‍സര്‍ കൊട്ടാരത്തില്‍ ഔദ്യോഗിക സ്വീകരണ പരിപാടികളും വിരുന്നുകളും ആരംഭിക്കും.
വിന്‍സര്‍ കൊട്ടാരത്തില്‍ ചാള്‍സ് രാജാവുമായി കൂടിക്കാഴ്ച, പ്രധാനമന്ത്രി കീഴ് സ്റ്റാര്‍മറുമായുള്ള കൂടിക്കാഴ്ച, മിലിട്ടറി പരേഡ്, എയര്‍ഫോഴ്സ് വ്യോമാഭ്യാസം, അത്താഴ വിരുന്ന് എന്നിവയാണ് പ്രധാന പരിപാടികള്‍.
ട്രംപിനായി വിന്‍സറിലും ടവര്‍ ഓഫ് ലണ്ടനിലും ആചാരവെടികള്‍, യുഎസ്-ബ്രിട്ടീഷ് വ്യോമസേനകളുടെ സംയുക്ത ഫ്ലൈ പാസ്റ്റ് ഉണ്ടാവും. ട്രംപിന്റെ സന്ദര്‍ശനത്തിനെതിരെ ലണ്ടനിലും വിന്‍സറിലും ശക്തമായ പ്രതിഷേധം ഉണ്ട്. എഴുപതോളം പ്രതിഷേധക്കാര്‍ വിന്‍സര്‍ കൊട്ടാരത്തിനു മുന്നില്‍ പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളുമായി എത്തിയിരുന്നു. ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ ഉള്‍പ്പെടെയുള്ള വിമര്‍ശകര്‍ ട്രംപിനെതിരെ കടുത്ത നിലപാടിലാണ്. ശക്തമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും പ്രതിഷേധം തുടരുകയാണ്.
'നാളെ ഒരു വലിയ ദിവസമായിരിക്കും,' എന്നായിരുന്നു ബ്രിട്ടനിലെ ഔദ്യോഗിക പരിപാടികള്‍ക്ക് മുന്നോടിയായി ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.