ഈജിപ്തില്‍ നിന്നും യുകെയില്‍ അനധികൃതമായി എത്തി, ലണ്ടനിലെ ഹില്‍ട്ടണ്‍ ഹോട്ടലില്‍ സര്‍ക്കാര്‍ ചെലവില്‍ താമസിച്ചു വരവെ ബലാത്സംഗ കേസില്‍ ഉള്‍പ്പെട്ട അഭയാര്‍ത്ഥിക്ക് ജയില്‍ ശിക്ഷ. കഴിഞ്ഞ വര്‍ഷം ലണ്ടനിലെ ഹൈഡ് പാര്‍ക്കില്‍ നടന്ന സംഭവത്തില്‍ 42കാരനായ അബ്ദുള്‍റഹ്മാന്‍ അഡ്‌നാന്‍ അബൂലെലയ്ക്ക് എട്ടര വര്‍ഷത്തെ തടവാണ് കോടതി വിധിച്ചിരിക്കുന്നത്. ശിക്ഷയ്ക്കു പിന്നാലെ അധികം വൈകാതെ ഇയാളെ നാടുകടത്തിയേക്കും.
സെന്‍ട്രല്‍ ലണ്ടനിലെ നൈറ്റ് ഔട്ട് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇരയെ രാത്രി ഒന്‍പതു മണിക്ക് ഇയാള്‍ പാര്‍ക്കിലെ ആളൊഴിഞ്ഞ ഒരു കോണിലേക്ക് ഓരോന്ന് പറഞ്ഞ് കൊണ്ടുപോവുകയും അവിടെ വെച്ച് ബലാത്സംഗം ചെയ്യുകയുമായിരുന്നു. ഇന്നലെ സൗത്ത്വാക്ക് ക്രൗണ്‍ കോടതിയില്‍ വിചാരണയ്ക്കിടെയാണ് ഈ വിവരം വെളിപ്പെടുത്തിയത്. ബലാത്സംഗത്തിന് ഇരയായ സ്ത്രീ മദ്യലഹരിയില്‍ ആയിരുന്നു എന്നതും, പ്രതികരിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു എന്നതും കോടതി പരിഗണിച്ചു.
2023 ഏപ്രിലില്‍ ആയിരുന്നു ഇയാള്‍ അനധികൃതമായി യുകെയില്‍ എത്തിയത്. തന്റെ രാജ്യമായ ഈജിപ്തില്‍ താന്‍ രാഷ്ട്രീയ തടവുകാരനായിരുന്നു എന്നും പീഡനങ്ങള്‍ ഏറ്റിട്ടുണ്ടെന്നും അവകാശപ്പെട്ടായിരുന്നു ഇയാള്‍ അഭയത്തിനായി അപേക്ഷിച്ചത്. ഇയാളുടെ ഭാര്യ ഇപ്പോള്‍ തുര്‍ക്കിയിലാണ് ജീവിക്കുന്നത്.