യുകെയുടെ പണപ്പെരുപ്പ നിരക്കുകള്‍ ആഗസ്റ്റില്‍ സ്ഥിരത പുലര്‍ത്തിയതായി സ്ഥിരീകരിച്ച് ഔദ്യോഗിക കണക്കുകള്‍. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ കണക്കുകള്‍ പുറത്തുവന്നതോടെ വാര്‍ഷിക പണപ്പെരുപ്പ നിരക്ക് 3.8 ശതമാനത്തില്‍ തുടരുന്നുവെന്നാണ് വ്യക്തമായത്. ജൂലൈ മാസത്തിലും സമാനമായിരുന്നു നിരക്കുകള്‍.
ഈ കണക്കുകള്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പലിശ നിരക്കുകളെ ബാധിക്കും. വ്യാഴാഴ്ച മോണിറ്ററി പോളിസി കമ്മിറ്റി യോഗം ചേരുമ്പോള്‍ പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ തുടരുമെന്നാണ് സാമ്പത്തിക വിപണികളുടെ പ്രവചനം. പണപ്പെരുപ്പം 2 ശതമാനമാണ് ഔദ്യോഗികമായി ലക്ഷ്യമിടുന്നത്. വിലക്കയറ്റവും രൂക്ഷമായി നില്‍ക്കുന്നതിനിടെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ തയ്യാറാകില്ലെന്നാണ് കരുതുന്നത്.
വിമാന നിരക്കുകള്‍ താഴ്ന്നതാണ് പ്രധാനമായും പണപ്പെരുപ്പം ഉയരാതെ കാത്തത്. പെട്രോള്‍, ഡീസല്‍ വില കൂടുകയാണ് ചെയ്തത്. ഹോട്ടല്‍ താമസത്തിന്റെ ചെലവും ആഗസ്റ്റില്‍ കുറഞ്ഞു.
ഇതിനിടെ ഭക്ഷ്യ വിലക്കയറ്റം തുടര്‍ച്ചയായ അഞ്ചാം മാസവും ഉയര്‍ന്നു. ജൂലൈയിലെ 4.9 ശതമാനത്തില്‍ നിന്നും ആഗസ്റ്റില്‍ 5.1 ശതമാനത്തിലേക്കാണ് നിരക്ക് കൂടിയത്. പച്ചക്കറി, ചീസ്, മത്സ്യം എന്നിവയുടെ വിലയാണ് ഉയര്‍ന്നത്.