ചികിത്സകള്‍ക്ക് ഡിമാന്‍ഡ് വര്‍ദ്ധിക്കുകയും കാത്തിരിപ്പ് പട്ടിക ഉയരുകയും ചെയ്യുമ്പോള്‍ ഇംഗ്ലണ്ടിലെ മൂന്നിലൊന്ന് ജിപിമാരും എന്‍എച്ച്എസില്‍ ജോലി ചെയ്യുന്നില്ല എന്ന് റിപ്പോര്‍ട്ട്. രജിസ്റ്ററിലുള്ള 20,000-ലേറെ ഫാമിലി ഡോക്ടര്‍മാര്‍ ഹെല്‍ത്ത് സര്‍വ്വീസില്‍ ഇല്ല. ജനറല്‍ പ്രാക്ടീസില്‍ 38,626 പേര്‍ മാത്രമാണുള്ളത്.
ഇംഗ്ലണ്ടിലെ ഹെല്‍ത്ത് സര്‍വ്വീസ് മേഖല പല വിധത്തിലുള്ള സമ്മര്‍ദങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ ആണിത്. ജിപിമാരില്‍ വലിയൊരു ശതമാനം പേര്‍ വിദേശത്തേക്ക് പോകുകയോ, ഒരു പ്രൈവറ്റ് കോണ്‍ട്രാക്ടറായി മാറുകയോ ചെയ്യുന്ന പ്രതിഭാസമാണ് കാണുന്നത്. ഇത് അപ്പോയിന്റ്‌മെന്റ് ലഭിക്കാനുള്ള രോഗികളുടെ ബുദ്ധിമുട്ട് കൂടുതല്‍ സങ്കീര്‍ണമാക്കുന്നു
യോഗ്യരായ ഫാമിലി ഡോക്ടര്‍മാരായിരുന്നിട്ടും, എന്‍എച്ച്എസ് വഴി പരിചരണം നല്‍കാത്ത ജിപിമാരുടെ എണ്ണം 2015-ല്‍ 27 ശതമാനമായിരുന്നു. ഇത് കഴിഞ്ഞ വര്‍ഷം 34 ശതമാനത്തിലേക്ക് വര്‍ദ്ധിച്ചതായി ബിഎംജെയില്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു.
ഇത് പ്രകാരം ഏകദേശം 20,000 ജിപിമാരെയാണ് ഹെല്‍ത്ത് സര്‍വ്വീസിന് നഷ്ടമായത്. അസാധാരണമായ തോതില്‍ ചികിത്സ നടത്താന്‍ ഡോക്ടര്‍മാരെ ആവശ്യമുള്ളപ്പോഴാണ് ഇത്. പ്രത്യേകിച്ച് ജിപിമാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ഗവണ്‍മെന്റ് നടപടികള്‍ കൈക്കൊള്ളുമ്പോഴാണ് യോഗ്യരായ ഫാമിലി ഡോക്ടര്‍മാര്‍ തങ്ങളുടെ സേവനം നിരാകരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം അവസാനം ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്റ്ററില്‍ 58,548 ജിപിമാരാണ് ഉള്ളത്. എന്നാല്‍ ജനറല്‍ പ്രാക്ടീസില്‍ 38,626 പേര്‍ മാത്രമാണുള്ളത്. 19,922 പേരുടെ വ്യത്യാസം ഇതില്‍ തന്നെ നേരിടുന്നു. രോഗികളെ സംബന്ധിച്ച് ഈ കണക്കുകള്‍ ആശങ്കപ്പെടുത്തുന്നതാണെന്ന് പേഷ്യന്റ്‌സ് അസോസിയേഷന്‍ പറഞ്ഞു.
ജിപിമാര്‍ നേരിടുന്ന അമിതജോലി ഭാരം, രോഗികളുടെ തിരക്ക്, മറ്റ് പൊതുരോഷങ്ങള്‍ എന്നിവയുടെ ഫലമായും സേവനം മതിയാക്കി ജിപിമാര്‍ എന്‍എച്ച്എസ് ഉപേക്ഷിക്കുകയാണെന്ന് ഗവേഷകര്‍ പറയുന്നു.