യുകെയില്‍ കൊടുങ്കാറ്റ് ആഞ്ഞടിച്ചതോടെ ഹീത്രൂ വിമാനത്താവളത്തിലിറങ്ങാന്‍ വിമാനങ്ങള്‍ ഏറെ ക്ലേശിച്ചു. പല വിമാനങ്ങളും ആഞ്ഞടിക്കുന്ന കാറ്റില്‍ ആടിയുലഞ്ഞ് ഇറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ചില വിമാനങ്ങള്‍ ശ്രമം ഉപേക്ഷിച്ച് മറ്റിടങ്ങളിലേക്ക് തിരിച്ചു വിടുകയും ചെയ്തു. ഇംഗ്ലണ്ടിന്റെയും വെയ്ല്‍സിന്റെയും ഏതാണ്ട് മിക്ക ഭാഗങ്ങളിലും കഴിഞ്ഞ ദിവസം മെറ്റ് ഓഫീസ് പുറപ്പെടുവിച്ച യെല്ലോ വാര്‍ണിംഗ് നിലനിന്നിരുന്നു. ഞായറാഴ്ചയിലെ ശക്തമായ കാറ്റ് നിറഞ്ഞ ഒരു കാലാവസ്ഥയ്ക്ക് ശേഷമാണ് ഇതെത്തുന്നത്. അന്ന് പലയിടങ്ങളിലും കാറ്റിന് മണിക്കൂറില്‍ 80 മൈല്‍ വരെ വേഗത രേഖപ്പെടുത്തിയിരുന്നു.
സ്വാന്‍സീ, കാര്‍മാര്‍തെന്‍, കാര്‍ഡിഫിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലായിരുന്നു ശക്തമായ കാറ്റ് അനുഭവപ്പെട്ടത്. കനത്ത മഴമൂലം ചിലയിടങ്ങളില്‍ വീടുകളിലേക്കും മറ്റും വെള്ളം കയറുന്ന സാഹചര്യവുമുണ്ടായി.നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നത് പോലെ ചിലയിടങ്ങളില്‍ വൈദ്യുതി വിതരണം തടസപ്പെടുകയും ചെയ്തു. ഗതാഗത തടസവും ഉണ്ടായി.
തീരപ്രദേശങ്ങളിലും മലനിരകളിലും മണിക്കൂറില്‍ 60 മൈല്‍ മുതല്‍ 70 മൈല്‍ വരെ വേഗതയില്‍ കാറ്റ് ആഞ്ഞ് വീശുമ്പോള്‍, ഉള്‍നാടുകളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 മൈല്‍ വരെ വേഗത കൈവരിക്കും.
കാറ്റില്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി ഗാര്‍ഡന്‍ ഫര്‍ണീച്ചറുകള്‍, ഉപകരണങ്ങള്‍, വാഹനങ്ങള്‍ എന്നിവ ഗ്യാരേജില്‍ സൂക്ഷിക്കണമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന നിര്‍ദ്ദേശം. അതുപോലെ വീടിന്റെയും, ഗ്യാരേജ് ഉണ്ടെങ്കില്‍ അതിന്റെയും വാതിലുകളും ജനലുകളും സുരക്ഷിതമായി അടച്ചു വയ്ക്കണം. ഗ്യാരേജിലേതു പോലുള്ള വലിയ വാതിലുകള്‍ തീര്‍ച്ചയായും അടച്ചിരിക്കണം. ഗ്യാരേജ് ഉണ്ടെങ്കില്‍ കാര്‍ അതിനുള്ളില്‍ പാര്‍ക്ക് ചെയ്യണം. ഇല്ലെങ്കില്‍, കെട്ടിടങ്ങള്‍, മരങ്ങള്‍, മതിലുകള്‍ എന്നിവയില്‍ നിന്നും അകലത്തില്‍ പാര്‍ക്ക് ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്.