അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാന്‍ പരാജയപ്പെട്ടതിന്റെ നാണക്കേടിലായിരുന്ന ലേബര്‍ ഗവണ്‍മെന്റിന് ആദ്യ വിജയം. ഫ്രാന്‍സിലേക്കുള്ള ആദ്യ നാടുകടത്തല്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുകയാണ് ഹോം ഓഫീസ്. ആദ്യത്തെ നറുക്ക് വീണത് ഒരു ഇന്ത്യക്കാരനാണ്. ഗവണ്‍മെന്റിന്റെ ഫ്രാന്‍സിലേക്ക് പുറത്താക്കുന്ന സ്‌കീം പ്രകാരം നാടുകടത്തുന്നതിന് എതിരെ ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹോം ഓഫീസ് വിജയം നേടുകയായിരുന്നു.
ഇന്ത്യക്കാരനെ ലണ്ടനില്‍ നിന്നും പാരീസിലേക്ക് മടക്കി അയയ്ക്കുകയാണ് ചെയ്തിരിക്കുന്നത്. ആദ്യത്തെ നാടുകടത്തല്‍ നടന്നതോടെ ബ്രിട്ടന്‍ കൂടുതല്‍ കുടിയേറ്റക്കാരെ ഫ്രാന്‍സില്‍ നിന്നും സ്വീകരിക്കും. നിലവില്‍ ഫ്രാന്‍സിലുള്ള അനധികൃത കുടിയേറ്റക്കാര്‍ക്കാണ് ഓണ്‍ലൈനില്‍ അപേക്ഷിക്കാന്‍ കഴിയുക. മുന്‍പ് യുകെയില്‍ നിന്നും പുറത്താക്കിയിട്ടില്ലെന്നും, ദേശീയ സുരക്ഷയ്‌ക്കോ, പൊതുജീവിതത്തിനോ അപകടം സൃഷ്ടിക്കില്ലെന്നും തെളിയിക്കുക മാത്രമാണ് ചെയ്യേണ്ടത്.
ബ്രിട്ടനില്‍ നിന്നും പുറത്താക്കുന്നവരും, പ്രവേശിക്കുന്നവരുടെയും എണ്ണം തുല്യമായിരിക്കണമെന്നതാണ് കരാറിലെ വ്യവസ്ഥ. അതുകൊണ്ട് തന്നെ ഫ്രാന്‍സിലേക്ക് ഇപ്പോള്‍ നാടുകടത്തുന്നവര്‍ തിരികെ മറ്റൊരു വിമാനത്തില്‍ എത്താനുള്ള സാധ്യതയാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്.
പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറും, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും തമ്മില്‍ ഒപ്പുവെച്ച കരാര്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി തടസ്സങ്ങളില്‍ പെട്ട് കിടക്കുകയായിരുന്നു. ഇപ്പോള്‍ ആദ്യത്തെ കുടിയേറ്റക്കാരനെ നാടുകടത്താന്‍ കഴിഞ്ഞത് വിജയമായാണ് ഹോം സെക്രട്ടറി അവതരിപ്പിക്കുന്നത്. യുകെയില്‍ അനധികൃതമായി പ്രവേശിച്ചാല്‍ പുറത്താക്കുമെന്ന സന്ദേശമാണ് നല്‍കുന്നതെന്ന് ഷബാന മഹ്മൂദ് പറഞ്ഞു.
'ഒരാള്‍ അകത്ത് ഒരാള്‍ പുറത്ത് സ്‌കീം' നടപ്പിലാക്കാന്‍ കഴിയാതെ അവസാന നിമിഷം നിയമപരമായ വെല്ലുവിളികള്‍ പാരയായതോടെ ഇതിനെ രൂക്ഷമായി വിമര്‍ശിച്ചാണ് മഹ്മൂദ് രംഗത്ത് വന്നിരിക്കുന്നത്.
കുടിയേറ്റക്കാര്‍ നമ്മുടെ നിയമങ്ങളെ പരിഹസിക്കുകയാണെന്ന് ഹോം സെക്രട്ടറി ആരോപിച്ചു. നാടുകടത്താന്‍ ശ്രമിക്കുമ്പോള്‍ ആധുനിക അടിമത്തത്തിന്റെ ഇരകളാണ് തങ്ങളെന്നാണ് അനധികൃത കുടിയേറ്റക്കാര്‍ വാദിക്കുന്നത്. നാടുകടത്തല്‍ നടപടികള്‍ വരുമ്പോള്‍ ഏതെല്ലാം തരത്തിലാണ് ഇതിനെ തടയാന്‍ നിയമങ്ങള്‍ ഉപയോഗിക്കുന്നതെന്നതിന്റെ കുറ്റസമ്മതമാണ് ഹോം സെക്രട്ടറി നടത്തിയിരിക്കുന്നത്.