റഷ്യന്‍ ചാരന്മാരെന്ന് സംശയിക്കുന്ന മൂന്ന് പേരെ എസ്സെക്സില്‍ അറസ്റ്റ് ചെയ്തു. 46 ഉം 41 ഉം വയസ്സുള്ള രണ്ട് പുരുഷന്മാരും 35 വയസ്സുള്ള ഒരു സ്ത്രീയുമാണ് അറസ്റ്റിലായത്. ഗ്രേയ്‌സിലെ രണ്ട് വ്യത്യസ്ത വീടുകളില്‍ നിന്നായി തീവ്രവാദ വിരുദ്ധ സേനയാണ് ഇവരെ വ്യാഴാഴ്ച രാവിലെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവര്‍ ഏത് രാജ്യക്കാരാണെന്നത് മെട്രോപോളിറ്റന്‍ പോലീസ് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, യുകെയില്‍ രാജ്യതാത്പര്യത്തിന് വിരുദ്ധമായി, ശത്രു രാജ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നവരെ കര്‍ശനമായി നേരിടുമെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സ്ത്രീയും പ്രായം കുറഞ്ഞ പുരുഷനും ഒരിടത്തു നിന്നും അറസ്റ്റിലായപ്പോള്‍, 46 കാരനെ അറസ്റ്റ് ചെയ്തത് മറ്റൊരു വീട്ടില്‍ നിന്നാണ്. പുതിയ ദേശീയ സുരക്ഷാ നിയമത്തിലെ സെക്ഷന്‍ 3 പ്രകാരം, വിദേശ രഹസ്യാന്വേഷണ ഏജന്‍സികളെ സഹായിക്കുന്നു എന്ന സംശയത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരെ ജാമ്യത്തില്‍ വിട്ടയച്ചിരിക്കുകയാണ്.
നേരത്തേ റഷ്യയിലെ സ്വകാര്യ സൈന്യമായ വാഗ്‌നാര്‍ ഗ്രൂപ്പിന് വേണ്ടി പ്രവര്‍ത്തിച്ചതിന് രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ വിചാരണ നേരിടുകയാണ്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണോ ഇപ്പോള്‍ അറസ്റ്റ് നടക്കുന്നത് എന്നത് വ്യക്തമല്ല.