ബ്രിട്ടനില്‍ ജനിച്ച സിഖ് സ്ത്രീയെ ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ മുഖ്യ പ്രതിയെ പിടിക്കാന്‍ സഹായിക്കുന്നവര്‍ക്ക് 10,000 പൗണ്ട് വാഗ്ദാനം ചെയ്തു സിഖ് സമൂഹം. പ്രായം 20 കളില്‍ ഉള്ള ഇന്ത്യന്‍ വനിതയ്ക്ക് കൊടിയ പീഢനമാണ് സഹിക്കേണ്ടി വന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മാത്രമല്ല, വംശീയവെറി പൂണ്ട ചീത്തവിളിയും കേള്‍ക്കേണ്ടതായി വന്നു. സെപ്റ്റംബര്‍ 9ന് രാവിലെ 8.30ഓടെ ഓള്‍ഡ്ബറിയിലായിരുന്നു യായിരുന്നു അതിക്രമം
വംശീയ വിദ്വേഷം പ്രകടമായ ആക്രമണം എന്നാണ് പോലീസ് ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഡാഷ് ക്യാമറ, സി സി ടി വി, ഡോര്‍ബെല്‍ ക്യാമറ ദൃശ്യങ്ങള്‍ ലഭ്യമാണെങ്കില്‍ വെസ്റ്റ് മിഡ്ലാന്‍ഡ്സ് പോലീസുമായി ബന്ധപ്പെടണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് സിഖ് ഫെഡറേഷന്‍ യു കെ കമ്മ്യൂണിറ്റി പോസ്റ്ററുകള്‍ പുറത്തുവിട്ടിട്ടുണ്ട്. അതിലാണ് പ്രതിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഇനാം നല്‍കുമെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ടുപേരെ കണ്ടെത്താനും അവര്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ ഉതകുന്ന തെളിവുകള്‍ കണ്ടെത്താനും സഹായിക്കുന്നവര്‍ക്ക് 10,000 പൗണ്ട് നല്‍കുമെന്നാണ് വാഗ്ദാനം.
പ്രത്യേക അന്വേഷണ സംഘം ഇതിനോടകം തന്നെ നൂറുകണക്കിന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സി സി ടി വി ദൃശ്യങ്ങളും ഫൊറെന്‍സിക് തെളിവുകളും പരിശോധിച്ചിരുന്നു. അതിനുപുറമെ വിപുലമായ അന്വേഷണവും നടത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് സംശയത്തിന്റെ പേരില്‍ പ്രായം 30 കളില്‍ ഉള്ള ഒരു വ്യക്തിയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അയാളെ ജാമ്യത്തില്‍ വിട്ടിരിക്കുകയാണ്. പ്രതികളില്‍ ഒരാള്‍ മൊട്ടയടിച്ച്, ദൃഢ ശരീരമുള്ള വ്യക്തിയാണെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇരുണ്ട നിറമുള്ള ഷര്‍ട്ടായിരുന്നു അയാള്‍ ധരിച്ചിരുന്നത്. രണ്ടാമത്തെയാള്‍ ചാര നിറത്തിലുള്ള ഷര്‍ട്ടായിരുന്നു ധരിച്ചിരുന്നത്.
ഈ സംഭവത്തെ തുടര്‍ന്ന് സ്‌മെത്വിക്കിലെ സിഖ് ആരാധനാലയത്തില്‍ സംഘടിപ്പിച്ച ഒരു അടിയന്തിര യോഗത്തില്‍ നിരവധിപേര്‍ പങ്കെടുത്തിരുന്നു. സിഖ് ഫെഡറേഷന്റെ മുഖ്യ ഉപദേഷ്ടാവായ ജാസ് സിംഗ് ഉള്‍പ്പടെയുള്ളവരാണ് ഇതില്‍ പങ്കെടുത്തത്. വെറുപ്പിന് മേല്‍ക്കൈ നെടുന്ന ഒരു അന്തരീക്ഷമാണ് നിലവിലുള്ളതെന്നും അത് ഏറെ ആശങ്കപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
20-കളില്‍ പ്രായമുള്ള പെണ്‍കുട്ടിയെ അക്രമിക്കുന്നതിനിടെ 'നിനക്ക് ഈ രാജ്യത്ത് സ്ഥാനമില്ലെന്നും, പുറത്ത് പോകാനും' ഇവര്‍ പറഞ്ഞുകൊണ്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം പ്രാദേശിക സമൂഹം തന്നോട് കാണിക്കുന്ന സ്‌നേഹത്തിനും, പിന്തുണയ്ക്കും ഇര നന്ദി അറിയിച്ചു. ഇത് ഒരിക്കലും ആര്‍ക്കും സംഭവിക്കരുത്. ജോലിക്കായി പോകുമ്പോഴാണ് ഈ അക്രമം നേരിട്ടത്. ഇത് കനത്ത ആഘാതമാണ്. എന്റെ കുടുംബം എനിക്കൊപ്പമുണ്ട്. ഒപ്പം സമൂഹവും. എത്രയും പെട്ടെന്ന് പ്രതികളെ പിടിക്കുമെന്നാണ് പ്രതീക്ഷ, യുകെ സിഖ് ഫെഡറേഷന്‍ വഴി നല്‍കിയ പ്രസ്താവനയില്‍ പെണ്‍കുട്ടി പറഞ്ഞു.