വില്‍ഷെയറില്‍ ആറു പേരുടെ മരണത്തില്‍ ആംബുലന്‍സ് ജീവനക്കാര്‍ അറസ്റ്റില്‍
ആറു മുതിര്‍ന്ന ആളുകളുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സൗത്ത് വെസ്റ്റേണ്‍ ആംബുലന്‍സ് സര്‍വീസിലെ രണ്ട് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. 2023-ല്‍ തുടങ്ങിയ അന്വേഷണത്തിലാണ് അറസ്റ്റുകള്‍ ഉണ്ടായത്. മുപ്പത് വയസ് കഴിഞ്ഞ ഒരു പുരുഷനെ കഴിഞ്ഞ വര്‍ഷം അറസ്റ്റു ചെയ്തിരുന്നു. ഗുരുതരമായ അശ്രദ്ധ കൊണ്ടുള്ള കൊലപാതകം തുടങ്ങിയ വകുപ്പുകളാണ് ആറു പേരുടെ മരണത്തില്‍ പോലീസ് പ്രതികളുടെ മേല്‍ ചുമത്തിയിരിക്കുന്നത്. ഇത് കൂടാതെ രോഗികളെ ദുരുപയോഗം ചെയ്തതോ ഉപേക്ഷിച്ചതോ സംബന്ധിച്ച കുറ്റങ്ങളും ഉള്‍പെടുത്തിയുട്ടുണ്ട് . ഈ വര്‍ഷം മാര്‍ച്ചില്‍ 59-കാരിയായ സ്ത്രീയെയും സമാനമായ കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇരുവരെയും ഇപ്പോള്‍ ജാമ്യത്തില്‍ വിട്ടതായി വില്‍ഷെയര്‍ പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും എല്ലാ പിന്തുണയും നല്‍കുമെന്നും മേജര്‍ ക്രൈം ടീം ഡിറ്റക്ടീവ് ചീഫ് ഇന്‍സ്പെക്ടര്‍ ഫില്‍ വാക്കര്‍ വ്യക്തമാക്കി. വിവരം അറിഞ്ഞയുടനെ തന്നെ ജീവനക്കാരെ എല്ലാവരെയും ഉടന്‍ തന്നെ എല്ലാ ചുമതലകളില്‍ നിന്നും ഒഴിവാക്കിയിരുന്നു എന്ന് ആംബുലന്‍സ് സര്‍വീസ് അധികൃതര്‍ പറഞ്ഞു. ഒരാളും ഇപ്പോള്‍ ട്രസ്റ്റില്‍ ജോലി ചെയ്യുന്നില്ലെന്നും ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും രോഗികള്‍ക്ക് തുടര്‍ന്നും സുരക്ഷിതമായി 999 എമര്‍ജന്‍സി സേവനം വിളിക്കാമെന്നും സൗത്ത് വെസ്റ്റേണ്‍ ആംബുലന്‍സ് സര്‍വീസിന്റെ വക്താവ് പറഞ്ഞു.
പോലീസ് ഇപ്പോഴും മരണങ്ങളുടെ കൃത്യമായ സാഹചര്യങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, പ്രാഥമിക പരിശോധനകള്‍ പ്രകാരം മരണം സംഭവിച്ചത് ജീവനക്കാരുടെ ഗുരുതരമായ അശ്രദ്ധയും സേവനത്തിലെ വീഴ്ചകളുമാണെന്ന സംശയമാണ് ശക്തമാകുന്നത്. സംഭവം പുറത്തു വന്നതോടെ പ്രാദേശിക സമൂഹത്തിലും ആരോഗ്യരംഗത്തും ഞെട്ടലാണ് ഉളവാക്കിയിരിക്കുന്നത്. ഭാവിയില്‍ ഇത്തരത്തിലുള്ള ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനായി കര്‍ശനമായ നിരീക്ഷണവും ഉത്തരവാദിത്തവും ഉറപ്പാക്കണമെന്നും മരിച്ചവരുടെ കുടുംബങ്ങള്‍ ആവശ്യപ്പെട്ടു.
2022-ല്‍ നടന്ന അവസാന പരിശോധനയില്‍ കെയര്‍ ക്വാളിറ്റി കമ്മീഷന്‍ സൗത്ത് വെസ്റ്റേണ്‍ ആംബുലന്‍സ് സര്‍വീസിനെ “ഗുഡ്” എന്നാണ് റേറ്റിംഗ് നല്‍കിയിരുന്നത്. പരിചരണത്തില്‍ 'ഔട്ട്‌സ്റ്റാന്‍ഡിംഗ്' റേറ്റിംഗും ലഭിച്ചിരുന്നു. എന്നാല്‍ അടിയന്തിര സേവനങ്ങളിലും അടിയന്തര പരിചരണത്തിലും മെച്ചപ്പെടുത്തല്‍ ആവശ്യമുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു.