ലണ്ടന്‍: ഗാസയില്‍ ഇസ്രയേലിന്റെ ആക്രമണം തുടരുന്നതിനിടെ പലസ്തീനെ രാജ്യമായി അംഗീകരിച്ച് യുകെയും കാനഡയും ഓസ്‌ട്രേലിയയും. പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചുകൊണ്ട് സംയുക്ത പ്രസ്താവനയിറക്കി. അടുത്തയാഴ്ച നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭ സമ്മേളനത്തിന് മുന്നോടിയായാണ് നീക്കം.
'സമാധാനത്തിന്റെയും ദ്വിരാഷ്ട്ര പരിഹാരത്തിന്റെയും പ്രതീക്ഷ പുനരുജ്ജീവിപ്പിക്കാന്‍, ഈ മഹത്തായ രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന നിലയില്‍ ഞാന്‍ വ്യക്തമായി പ്രസ്താവിക്കുന്നു - യുണൈറ്റഡ് കിംങ്ഡം പലസ്തീന്‍ സംസ്ഥാനത്തെ ഔദ്യോഗികമായി അംഗീകരിക്കുന്നു.' - കീര്‍ സ്റ്റാര്‍മര്‍ വീഡിയോ പ്രസ്താവനയില്‍ പറഞ്ഞു.
ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ സമാധാനം പ്രതീക്ഷിക്കുന്നതായി സ്റ്റാര്‍മര്‍ പറഞ്ഞു. ഗാസയില്‍ തടവിലാക്കപ്പെട്ട ബന്ദികളെ മോചിപ്പിക്കണമെന്ന് ഹമാസിനോട് ആവശ്യപ്പെട്ടു. പലസ്തീനികള്‍ക്കും ഇസ്രായേലികള്‍ക്കും സമാധാനവും മികച്ച ഭാവിയും ഉണ്ടാകണം. പട്ടിണിയും നാശനഷ്ടങ്ങളും അസഹനീയമാണെന്നും സ്റ്റാര്‍മര്‍ വ്യക്തമാക്കി.
പലസ്തീന്‍ രാജ്യത്തെ അംഗീകരിക്കുന്ന ആദ്യത്തെ ജി7 രാജ്യമായി കാനഡ മാറിയിരുന്നു. തൊട്ടുപിന്നാലെ ഓസ്ട്രേലിയയും പലസ്തീന്‍ രാജ്യത്തെ അംഗീകരിച്ചു. ഇവര്‍ക്കെല്ലാം മുമ്പ് പലസ്തീനെ അംഗീകരിക്കുന്നതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും അറിയിച്ചിരുന്നു.
സമാധാനത്തിലേക്കുള്ള പാതയെ പിന്തുണയ്ക്കുന്നതിനും ഇസ്രയേലി, പലസ്തീന്‍ ജനതയുടെ തുല്യ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമുള്ള അന്താരാഷ്ട്ര ശ്രമത്തിന്റെ ഭാഗമായി, ഭാഗമായി, അടുത്ത സഖ്യകക്ഷികളായ കാനഡയ്ക്കും ഓസ്ട്രേലിയയ്ക്കും ഒപ്പം സ്വീകരിച്ച ചരിത്രപരമായ ചുവടുവെപ്പാണിതെന്ന് സ്റ്റാര്‍മറുടെ ഓഫീസ് വ്യക്തമാക്കി.
അമേരിക്കയുടെയും ഇസ്രയേലിന്റെയും എതിര്‍പ്പ് തള്ളിയാണ് യുകെ സ്റ്റാര്‍മര്‍ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചത്. ട്രംപിന്റെ ബ്രിട്ടന്‍ സന്ദര്‍ശനത്തിനിടയിലാണ് ഈ തീരുമാനം ലോകത്തെ അറിയിച്ചത്. ഒക്ടോബര്‍ 7 കൂട്ടക്കൊലയ്ക്ക് ഹമാസിനുള്ള പ്രതിഫലമല്ലാതെ മറ്റൊന്നുമല്ല ഇതെന്നാണ് ഇസ്രയേല്‍ പ്രതികരിച്ചത്.