നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ മലയാളികളെ തലയ്ക്കടിച്ച് വീഴ്ത്തിയും നിലത്തിട്ട് ചവിട്ടിയും ആക്രമണം
യുകെയില്‍ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭങ്ങള്‍ തുടരുന്നതിനിടെ നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ മലയാളി യുവാക്കള്‍ക്കു നേരെ ആക്രമണം. വിനോദ സഞ്ചാര കേന്ദ്രമായ പോര്‍ട്രഷിന് സമീപ നഗരത്തിലെ റസ്റ്റ്‌റന്റ് ജീവനക്കാരായ യുവാക്കള്‍ക്ക് നേരെയാണ് കായിക ആക്രമണമുണ്ടായത്. ശനിയാഴ്ച രാത്രിയാണ് സംഭവം. പരുക്കേറ്റവരെ പേരു വിവരങ്ങള്‍ സുരക്ഷാ കാരണങ്ങളാല്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
പ്രതികളെ ആരെയും തിരിച്ചറിഞ്ഞിട്ടില്ല എന്നാണ് വിവരം. ആക്രമണത്തിന് ഇരയായവര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ഇവരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. ഹോട്ടല്‍ ഉടമ സ്ഥലത്തെത്തിയാണ് ജീവനക്കാരായ യുവാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരുടെ പരുക്ക് ഗുരുതരമല്ല.
രാത്രി ജോലി കഴിഞ്ഞെത്തി ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങി നടക്കുമ്പോഴാണ് സമീപത്തുള്ള പബ്ലില്‍ നിന്ന് മദ്യപിച്ചെത്തിയ സംഘം ആളുകള്‍ എവിടെ നിന്നുള്ളവരാണ് എന്നു ചോദിച്ച് ആക്രമണം അഴിച്ചുവിട്ടതെന്ന ആക്രമണത്തിന് ഇരയായ യുവാക്കള്‍ പറഞ്ഞു. 'ഗോ ഹോം' എന്ന് ആവശ്യപ്പെട്ട് ഓടിച്ചു.
ഒരാളുടെ തലയ്ക്ക് അടിയേറ്റതോടെ അയാള്‍ വീഴുകയും ഈ സമയം മര്‍ദ്ദിക്കുകയും ചെയ്തു. ഓട്ടത്തിനിടെ മറിഞ്ഞുവീണയാളെ സംഘം ചവിട്ടി പരിക്കേല്‍പ്പിച്ചു. 20 വയസ്സിന് മുകളിലുള്ള അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് ഇരയായവര്‍ പറഞ്ഞു. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ശക്തമാക്കി.