യുകെയില്‍ ട്രക്ക് ഓടിച്ചു കൊണ്ടിരിക്കെ നഗ്ന ചിത്രം കണ്ടു ഡ്രൈവറുണ്ടാക്കിയ അപകടത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ 43 കാരനായ ഡ്രൈവര്‍ക്ക് പത്തുവര്‍ഷം തടവുശിക്ഷ. 2024 മേയ് 17നാണ് അപകടം നടന്നത്. കാറില്‍ സഞ്ചരിച്ചിരുന്ന 46 കാരനായ ഡാനിയേല്‍ എയ്ട്ചിസണ്‍ ആണ് മരിച്ചത്.
മേഴ്‌സിഡൈസിലെ ബൂട്ടില്‍ സ്വദേശിയായ നെയില്‍ പ്ലാറ്റ് യാത്രക്കിടെ എക്‌സ്, വാട്‌സ്ആപ്, യൂട്യൂബ്, ടിക്ടോക്ക് എന്നിവ തിരഞ്ഞതായി കോടതിയില്‍ സമ്മതിച്ചു. അപകടത്തിന് തൊട്ടുമുമ്പ് എക്‌സ് ഫീഡില്‍ പ്രത്യക്ഷപ്പെട്ട നഗ്ന ചിത്രത്തിലേക്ക് ശ്രദ്ധിക്കവേ ട്രക്ക് നിയന്ത്രണം വിട്ട് കാറില്‍ ഇടിച്ചതെന്ന് കോടതി കണ്ടെത്തി. ഇടിയുടെ ആഘാതത്തില്‍ കാര്‍ തീപിടിച്ച് പൂര്‍ണമായും കത്തി നശിച്ചു.
ഡ്രൈവര്‍ റോഡില്‍ ശ്രദ്ധിക്കുന്നതിന് പകരം സോഷ്യല്‍മീഡിയയില്‍ നോക്കിയെന്നും അപകടം ഒഴിവാക്കാമായിരുന്നുവെന്നും കോടതി വിലയിരുത്തി. ഒരു ജീവന്‍ തന്നെ നഷ്ടമാക്കി ഡ്രൈവറുടെ വിഡ്ഡിത്തമെന്നും കോടതി വിമര്‍ശിച്ചു. ഡ്രൈവര്‍ കോടതിയില്‍ കുറ്റസമ്മതം നടത്തിയിരുന്നു.