സൈബര്‍ ആക്രമണം: ടാറ്റാ മോട്ടോഴ്സിന്റെ ജഗ്വാര്‍ ലാന്‍ഡ് റോവര്‍ കാര്‍ നിര്‍മാണം നിര്‍ത്തി
സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ ജഗ്വാര്‍ ലാന്‍ഡ് റോവര്‍ (ജെ എല്‍ ആര്‍) നിര്‍ത്തിവെച്ചിരിക്കുന്ന കാര്‍ നിര്‍മ്മാണം ഒക്ടോബര്‍ ഒന്നു വരെ നീട്ടുമെന്ന് അറിയിച്ചു. സൈബര്‍ ആക്രമണത്തിന്റെ പ്രത്യാഘാതങ്ങളില്‍ നിന്നും പൂര്‍ണ്ണമായും മുക്തി നേടുന്നതിനായിട്ടാണിത്. ഇന്ത്യന്‍ സ്ഥാപനമായ ടാറ്റാ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ജെ എല്‍ ആറിന്റെ കാര്‍ നിര്‍മ്മാണവും വില്‍പനയും സെപ്റ്റംബര്‍ ആദ്യവാരം മുതലാണ് നിര്‍ത്തിവെച്ചത്. ഹാക്കിംഗിനെ തുടര്‍ന്ന് ഐ ടി സിസ്റ്റം പ്രവര്‍ത്തനരഹിതമായെന്ന് ആഗസ്റ്റ് 31ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്.
ആദ്യം ജീവനക്കാരോട് വീടുകളില്‍ തന്നെ തുടരാനായിരുന്നു കമ്പനി ആവശ്യപ്പെട്ടത്. ഹാക്കിംഗുമായി ബന്ധപ്പെട്ട അന്വേഷണങ്ങളുടെ ഭാഗമായി കമ്പനി പ്രവര്‍ത്തനം നിര്‍ത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. പിന്നീറ്റ് ഷട്ട് ഡൗണ്‍ സെപ്റ്റംബര്‍ 24 വരെ നീട്ടി. ഇപ്പോള്‍ ഒരാഴ്ചത്തേക്ക് കൂടി ഷട്ട്ഡൗണ്‍ നീട്ടിയിരിക്കുകയാണ്. സൈബര്‍ ആക്രമണത്തിന്റെ പ്രത്യാഘാതങ്ങള്‍ തീര്‍ത്തും പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണിത്. 2025 ഒക്ടോബര്‍ ഒന്നു വരെ നിര്‍മ്മാണവും വില്പനയും നിര്‍ത്തിവയ്ക്കുന്നതായി ജീവനക്കാരെയും വിതരണക്കാരെയും അറിയിച്ചിട്ടുണ്ടെന്ന് കമ്പനി വക്താവ് സ്ഥിരീകരിച്ചു.