അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഹൈ-സ്കില്‍ഡ് വിസ (H-1B) ഫീസ് 1 ലക്ഷം ഡോളര്‍ (ഏകദേശം 74,000 പൗണ്ട്) ആക്കി ഉയര്‍ത്തിയ സാഹചര്യം പ്രയോജനപ്പെടുത്തി മികവ് പുലര്‍ത്തുന്നവരെ ആകര്‍ഷിക്കാന്‍ യുകെ. ഇതിനായി വിദേശത്തുനിന്നുള്ള പ്രതിഭകളെ ആകര്‍ഷിക്കാന്‍ വിസാ ഫീസ് കുറയ്ക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു . പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിന്റെ നേതൃത്വത്തിലുള്ള ഗ്ലോബല്‍ ടാലന്റ് ടാസ്ക്ഫോഴ്സ് ആണ് ഇതിനായുള്ള കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നത്.
നിലവില്‍ ബ്രിട്ടനിലെ ഗ്ലോബല്‍ ടാലന്റ് വിസയ്ക്ക് ഒരാളില്‍ നിന്ന് 766 പൗണ്ട് വീതം ഫീസ് ഈടാക്കുന്നുണ്ട്. കൂടാതെ ഓരോരുത്തര്‍ക്കും ആരോഗ്യച്ചെലവിനായി 1,035 പൗണ്ട് കൂടി അടയ്ക്കണം. അക്കാദമിക്‌സ്, സയന്‍സ്, ഡിജിറ്റല്‍ ടെക്‌നോളജി, ആര്‍ട്സ്, മെഡിസിന്‍ തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖരെ ലക്ഷ്യമിട്ടാണ് ഈ വിസാ പദ്ധതി. 2023 ജൂണ്‍ അവസാനത്തോടെ ഇത്തരത്തിലുള്ള വിസ അനുവദിക്കുന്നതില്‍ 76% വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
മലയാളികള്‍ക്ക് ഇതിലൂടെ വലിയ അവസരങ്ങള്‍ ലഭിക്കും എന്നാണ് പൊതുവെയുള്ള നിരീക്ഷണം. ഡിജിറ്റല്‍ ടെക്‌നോളജി, മെഡിസിന്‍, എഞ്ചിനീയറിംഗ്, ഗവേഷണം, കല-സാംസ്കാരിക മേഖലകള്‍ എന്നിവയില്‍ കേരളത്തില്‍ നിന്നുള്ള പ്രൊഫഷണലുകള്‍ക്ക് വിസാ ചെലവ് കുറയുന്നതോടെ ബ്രിട്ടനിലേക്ക് കുടിയേറാനും ജോലി നേടാനുമുള്ള സാധ്യതകള്‍ കൂടുതല്‍ സൗകര്യപ്രദമാകും. നിലവില്‍ വിസാ ഫീസും ആരോഗ്യച്ചെലവും ചേര്‍ന്നുള്ള വലിയ സാമ്പത്തികഭാരമാണ് പലര്‍ക്കും തടസ്സമാകുന്നത്. അത് ഇല്ലാതാകുകയോ കുറയുകയോ ചെയ്താല്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്കും ബ്രിട്ടനില്‍ പഠന , ഗവേഷണ , തൊഴില്‍ മേഖലകളില്‍ കൂടുതല്‍ വേഗത്തില്‍ പ്രവേശിക്കാനും ഉയര്‍ന്ന നിലവാരത്തിലുള്ള കരിയര്‍ രൂപപ്പെടുത്താനും സാധിക്കും.
1990-ല്‍ നിലവില്‍ വന്ന എച്ച്-1ബി വിസ പദ്ധതിയുടെ ഏറ്റവും വലിയ പരിഷ്‌കരണങ്ങളിലൊന്നാണ് ട്രംപ് ഭരണകൂടം നടത്തിയത്. നിലവില്‍ എച്ച്-1ബി അപേക്ഷകര്‍ക്ക് വളരെ കുറഞ്ഞ ഫീസ് മാത്രമാണുള്ളത്. ഇത് സാധാരണയായി കമ്പനികളാണ് നല്‍കുന്നത്. യു.എസ് സാങ്കേതിക കമ്പനികള്‍ സയന്‍സ്, എഞ്ചിനീയറിംഗ്, ഗണിതശാസ്ത്ര മേഖലകളിലെ ഒഴിവുകള്‍ നികത്താന്‍ ഉപയോഗിക്കുന്ന എച്ച്-1ബി വിസ സംവിധാനം അമേരിക്കന്‍ വേതനങ്ങളെ കുറയ്ക്കുന്നുവെന്ന് ട്രംപും അദ്ദേഹത്തിന്റെ സഖ്യകക്ഷികളും നേരത്തെയും വിമര്‍ശിച്ചിരുന്നു.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം, എച്ച്-1ബി വിസ ലഭിക്കുന്നവരില്‍ 71% ഇന്ത്യക്കാരാണ്. 11.7% ചൈനക്കാരും. എച്ച്-1ബി വിസകള്‍ക്ക് സാധാരണയായി മൂന്ന് മുതല്‍ ആറ് വര്‍ഷം വരെ കാലാവധിയുണ്ട്.