ലണ്ടന്‍ ഉള്‍പ്പെടെയുള്ള പ്രധാന യൂറോപ്യന്‍ വിമാനത്താവളങ്ങള്‍ സൈബര്‍ ആക്രണത്തില്‍ പ്രതിസന്ധിയിലായി. യൂറോപ്യന്‍ വിമാനത്താവളങ്ങളെ കാര്യമായി ബാധിച്ച സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട് വെസ്റ്റ് സസെക്സില്‍ നിന്നുള്ള ഒരാളെ ദേശീയ ക്രൈം ഏജന്‍സി (NCA) അറസ്റ്റ് ചെയ്തു. ചെക്ക്-ഇന്‍, ബാഗേജ് സോഫ്റ്റ്‌വെയര്‍ തകരാറിലായത് ആണ് വ്യാപകമായി യാത്രാ തടസത്തിന് കാരണമായത് . പല ഇടങ്ങളിലും പേനയും പേപ്പറും വരെ ഉപയോഗിച്ച് നടപടികള്‍ നടത്തേണ്ടി വന്നു. ഹീത്രൂ അടക്കം യൂറോപ്യന്‍ നഗരങ്ങളിലെ വിമാനത്താവളങ്ങളില്‍ നൂറുകണക്കിന് വിമാനങ്ങള്‍ വൈകുകയും, ചിലത് റദ്ദാക്കുകയും ചെയ്തു.
റാന്‍സംവെയര്‍ ആക്രമണമാണെന്നാണ് പ്രാഥമിക വിവരം. വലിയ തോതില്‍ ക്രിപ്‌റ്റോകറന്‍സിയില്‍ പണം ആവശ്യപ്പെടുന്ന രീതിയിലാണ് ഇത്തരം ആക്രമണങ്ങള്‍ നടക്കാറ്. കോലിന്‍സ് എയറോസ്പേസ് സോഫ്റ്റ്‌വെയര്‍ വീണ്ടും പ്രവര്‍ത്തനക്ഷമമാക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനാല്‍ കമ്പനി സിസ്റ്റം പുനര്‍നിര്‍മ്മിക്കാന്‍ ശ്രമിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഇതിനിടെ വിമാനത്താവളങ്ങളില്‍ അധിക സ്റ്റാഫിനെ നിയോഗിച്ച് യാത്രക്കാര്‍ക്ക് സഹായം നല്‍കുകയാണ് അധികൃതര്‍.
ബ്രസ്സല്‍സ്, ഡബ്ലിന്‍, ബെര്‍ലിന്‍ വിമാനത്താവളങ്ങളിലും സ്ഥിതി ഗുരുതരമായി. യാത്രക്കാര്‍ക്ക് ഓണ്‍ലൈന്‍ ചെക്ക്-ഇന്‍ നിര്‍ദേശിക്കുകയും, വിമാനത്താവളങ്ങളില്‍ കൂടുതല്‍ സമയം വേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വ്യോമയാന മേഖലയില്‍ സൈബര്‍ ആക്രമണം 600% വര്‍ധിച്ചതായി ഫ്രഞ്ച് എയറോസ്പേസ് കമ്പനി താലസ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഭാവിയില്‍ ഇത്തരം ആക്രമണങ്ങള്‍ കൂടുതല്‍ അപകടകരമാകാമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.